/kalakaumudi/media/post_banners/e448ad7e663e06f4b07fec588d8a9fb28d9fcbd327c684056f63a3b23c35c97a.jpg)
തിരുവനന്തപുരം: ആര്‍ ശങ്കര്‍ പിന്നോക്കക്കാരന് ആത്മാഭിമാനം പകര്‍ന്നുനല്‍കി നേതാവായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം എല്ലായിപ്പോഴും പരിശ്രമിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് വിദ്യാഭ്യാസത്തിലൂടെയാണെന്ന ഗുരുദേവന്റെ ആശയവും അദ്ദേഹം നടപ്പിലാക്കി. ആര്‍ ശങ്കര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച, ആര്‍ ശങ്കറിന്റെ 51-ാം സ്മൃതി ദിനാചരണവും ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നവോത്ഥാനത്തില്‍ നിര്‍ണായക പങ്കുവഹിച്ച, എല്ലാ മേഖലകളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ പോലെ മറ്റൊരു മുഖ്യമന്ത്രി പിന്നീട് കേരളത്തിലുണ്ടായിട്ടില്ല.
സനാതന ധര്‍മ്മമാണ് ആര്‍ ശങ്കറിനെയും മന്നത്ത് പത്മനാഭനെയും പോലുള്ളവരുടെ അടിസ്ഥാനം. സര്‍വതിനെയും സ്വീകരിക്കാനുള്ള മനോഭാവം, സര്‍വധര്‍മ്മ സമഭാവനയിലാണ് രാജ്യം നിലകൊള്ളുന്നത്. പാശ്ചാത്യചിന്തകര്‍ മുന്നോട്ടുവയ്ക്കുന്ന മതസഹിഷ്ണുത എന്ന ആശയത്തേക്കാള്‍ മുന്നിലാണിത്.
ഇന്ന് കേരളത്തിലും തമിഴ്‌നാട്ടിലും സനാതന ധര്‍മ്മത്തെക്കുറിച്ച് പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സനാതന ധര്‍മ്മം വര്‍ജ്ജിക്കേണ്ടതാണ് എന്നുള്ള ധാരണ സമൂഹത്തില്‍ സൃഷ്ടിക്കുന്നു. അരനൂറ്റാണ്ട് മുമ്പ് ആര്‍ ശങ്കറിനെ പോലൊരു നേതാവ് ഹിന്ദുമഹാണ്ഡലത്തിന് നേതൃത്വം നല്‍കാന്‍ മുന്നോട്ടുവന്ന മണ്ണില്‍ ഇന്ന് ഹിന്ദു എന്നു പറയാന്‍ പറ്റില്ല. ഹിന്ദു എന്നു പറഞ്ഞാല്‍ വര്‍ഗീയമാണ്. അങ്ങനെയാണെങ്കില്‍ ആര്‍ ശങ്കറെയും വര്‍ഗീയവാദിയെന്നു പറയേണ്ടി വരുമെന്നും വി മുരളീധരന്‍ പറഞ്ഞു.
കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു ആര്‍ ശങ്കറെന്ന് വി കെ പ്രശാന്ത് എംഎല്‍എ പറഞ്ഞു. ആര്‍ ശങ്കര്‍ പ്രവാസി അവാര്‍ഡ് എസ് സതീശനും പ്രഭാഷക അവാര്‍ഡ് പി റ്റി മന്മഥനും കേന്ദ്രമന്ത്രി സമ്മാനിച്ചു. സമ്മേളനത്തില്‍ എസ് സുവര്‍ണകുമാര്‍, കെ എസ് ശിവരാജന്‍, എം വിജേന്ദ്രകുമാര്‍, തഴവ സത്യന്‍ എന്നിവരും പങ്കെടുത്തു.