തിരഞ്ഞെടുപ്പ് കമ്മീഷണ‍ർമാരെ നിയമിക്കുന്നതിൽ നിന്ന് കേന്ദ്രത്തെ വിലക്കണം; സുപ്രീം കോടതിയിൽ ഹർജിയുമായി കോൺ​ഗ്രസ് നേതാവ്

തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിൽ നിന്ന് സർക്കാരിനെ വിലക്കാനുള്ള 2023 ലെ ഉത്തരവ് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജയ താക്കൂറാണ് ഹർജി സമർപ്പിച്ചത്

author-image
Greeshma Rakesh
New Update
തിരഞ്ഞെടുപ്പ് കമ്മീഷണ‍ർമാരെ നിയമിക്കുന്നതിൽ നിന്ന് കേന്ദ്രത്തെ വിലക്കണം; സുപ്രീം കോടതിയിൽ ഹർജിയുമായി കോൺ​ഗ്രസ് നേതാവ്

 

ന്യൂഡൽഹി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിൽ നിന്ന് സർക്കാരിനെ വിലക്കാനുള്ള 2023 ലെ ഉത്തരവ് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജയ താക്കൂറാണ് ഹർജി സമർപ്പിച്ചത്.തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ അരൂപ് ബരൻവാൽ വിധിയുടെ അടിസ്ഥാനത്തിൽ നിയമിക്കണമെന്നാണ് ആവശ്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുൺ ഗോയലിൻ്റെ രാജിവച്ചതും കഴിഞ്ഞ മാസം അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ചതിനും പിന്നാലെ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.ലോക്സഭാ തിരഞ്ഞെടുപ്പ് ഈയാഴ്ച അവസാനം പ്രഖ്യാപിക്കാനിരിക്കെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ഇനിയുള്ളത്.ഈ സാഹചര്യത്തിൽ പുതിയ കമ്മീഷണർമാരെ നിയമിക്കേണ്ടതുണ്ട്. അതിനായി സർക്കാർ ഒരുങ്ങുമ്പോഴാണ് സുപ്രീംകോടതിയിൽ ഇത്തരത്തിലൊരു ഹർജി വരുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കേണ്ടത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും അടങ്ങുന്ന ഒരു സമിതിയായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന മുൻ സുപ്രീം കോടതി വിധിയിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് താക്കൂറിൻ്റെ ഹർജി.

 

കഴിഞ്ഞ വർഷം ഡിസംബറിലാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നത് സംബന്ധിച്ച് പുതിയ നിയമം രാഷ്ട്രപതി അംഗീകരിച്ചത്. പുതിയ നിയമപ്രകാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും ഉൾപ്പെടുന്ന പാനലിനാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നതിന്റെ ഉത്തരവാദിത്തം.

പുതിയ നിയമത്തിൽ നിയമനങ്ങൾ അന്തിമമാക്കുന്ന പാനലിൽ ചീഫ് ജസ്റ്റിസിന് പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുകയായിരുന്നു.എന്നാൽ ഈ നിയമം ഉന്നത തിരഞ്ഞെടുപ്പ് ഓഫീസർമാരെ നിയമിക്കുന്നതിൽ സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതായി ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു.

 

പുതിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും 2023 ലെ തീരുമാനത്തിന് അനുസൃതമായി തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിന് കേന്ദ്രത്തിന് നിർദേശം നൽകണമെന്നാണ് ഠാക്കൂറിന്റെ ആവശ്യം. നിയമന സമിതിയിൽ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തുന്നത് നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു.

പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന കമ്മിറ്റിയുടെ ഉപദേശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കേണ്ടത് പ്രസിഡന്റ് ആണെന്ന് 2023 മാർച്ചിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.എന്നാൽ ഈ വർഷം ജനുവരിയിൽ പുതിയ നിയമം സ്റ്റേ ചെയ്യുവാൻ സുപ്രീം കോടതി വിസമ്മതിച്ചു.

 

 

 

 

 

 

Supreme Court petition election commission loksabha election 2024