By Web Desk.20 11 2023
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചു. ഗവര്‍ണര്‍ ഒഴികെയുള്ള എതിര്‍കക്ഷികള്‍ക്കാണ് നോട്ടീസ്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. അന്നേ ദിവസം കോടതിയെ സഹായിക്കാനായി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിയോടും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടും കോടതിയില്‍ സന്നിഹിതരായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.
നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കേരള ചീഫ് സെക്രട്ടറി ഡോ.വി. വേണുവും ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയുമാണ് ഹര്‍ജി നല്‍കിയത്.
ബില്ലുകളില്‍ മൂണെണ്ണം നേരത്തെ ഓര്‍ഡിനന്‍സായി എത്തിയപ്പോള്‍ ഗവര്‍ണര്‍ ഒപ്പ് വച്ചിരുന്ന കാര്യം കേരളത്തിന് വേണ്ടി കോടതിയില്‍ ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കേരളം നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണറെ എന്തിനാണ് കക്ഷിയാക്കിയതെന്ന് സുപ്രീം കോടതി രജിസ്ട്രി നേരത്തെ സംശയം ഉന്നയിച്ചിരുന്നു.
ഹര്‍ജിയിലെ ചില പിഴവുകളും ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്ട്രി കേരളത്തിന് കത്ത് കൈമാറിയിരുന്നു. ഹര്‍ജി ഭരണഘടനയുടെ 200-ാം അനുച്ഛേദത്തില്‍ ഗവര്‍ണറുടെ ഭരണഘടന ഉത്തരവാദിത്വവുമായി ബന്ധപ്പെട്ടതായതിനാല്‍ ഗവര്‍ണറെ കക്ഷി ചേര്‍ക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാനത്തിന് നല്‍കിയ കത്തിന് മറുപടിയായി കേരളം വ്യക്തമാക്കി.
ബില്ലുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഖണ്ഡിക്കുന്ന തെളിവുകളും കേരളം സുപ്രീം കോടതിയില്‍ ഹാജരാക്കി. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയടക്കം നല്‍കിയ 15 കത്തുകളുടെ പകര്‍പ്പും കേരളം അധിക സത്യവാങ്ങ്മൂലമായി കോടതിയില്‍ ഹാജരാക്കി.