''കഥ ഇവിടെ ആരംഭിക്കുന്നു''; ഗഗൻയാൻ ദൗത്യത്തിലെ മലയാളി ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികളെ പരിചയപ്പെടുത്തി പ്രധാനമന്ത്രി

മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിം​ഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ബഹിരാകാശത്തേയ്ക്ക കുതിക്കാനൊരുങ്ങുന്നത്.

author-image
Greeshma Rakesh
New Update
''കഥ ഇവിടെ ആരംഭിക്കുന്നു''; ഗഗൻയാൻ ദൗത്യത്തിലെ മലയാളി ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികളെ പരിചയപ്പെടുത്തി പ്രധാനമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാനിൽ പറക്കുന്ന ബഹിരാകാശ യാത്രികരുടെ പേരുകൾ പുറത്തുവിട്ട് പ്രധാനമന്ത്രി. മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ബഹിരാകാശത്തേയ്ക്ക കുതിക്കാനൊരുങ്ങുന്നത്.പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ദൗത്യ സംഘത്തിന്റെ തലവൻ.

കഥ ഇവിടെ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി യാത്രികരെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. കേവലം നാല് വ്യക്തികളല്ല അവരെന്നും 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളെ ബഹിരാകാശത്തേക്ക് എത്തിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇവരാണ് ഇന്നത്തെ ഭാരതത്തിന്റെ പ്രതീക്ഷയും, വിശ്വാസവും, ധീരതയുമാണ്. കയ്യിൽ ത്രിവർണ പതാകയും മുന്നിൽ ബഹിരാകാശവുമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പ്രാർത്ഥനകളും ആശീർവാദവും നിങ്ങൾക്കൊപ്പമുണ്ട്. ഈ നാല് പേരും വർഷങ്ങളായി നിരന്തര പരിശ്രമത്തിലായിരുന്നു. ഇനിയും ഇവർക്ക് ഏറെ മുന്നോട്ട് പോകാനുണ്ട്. അവർ അവരുടെ മനസിനെയും ശരീരത്തെയും പാകപ്പെടുത്തി.യഥാർത്ഥ കഥ ഇവിടെ ആരംഭിക്കുകയാണ്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള എല്ലാവർക്കും ആശംസകൾ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ സുഖോയ് യുദ്ധവിമാനത്തം പറത്തുന്ന ഫൈറ്റർ പൈലറ്റാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് പ്രശാന്ത് നായർ വ്യോമസേനയുടെ ഭാഗമാവുന്നത്. 1999ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാഗമായി അദ്ദേഹം എത്തുന്നത്.

Thiruvananthapuram isro narendra modi gaganyaan mission VSSC space mission Prasanth Nayar