'പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസിയിൽ ജനിച്ച ആളല്ല, നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു': രാഹുൽ ഗാന്ധി

2000-ൽ, ഗുജറാത്തിലെ ബിജെപി സർക്കാർ ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മോദി ജന്മം കൊണ്ട് ഒബിസി അല്ലെന്നും രാഹുൽ അവകാശപ്പെട്ടു.

author-image
Greeshma Rakesh
New Update
'പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസിയിൽ ജനിച്ച ആളല്ല, നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു': രാഹുൽ ഗാന്ധി

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി.നരേന്ദ്ര മോദി ഒബിസി വിഭാഗത്തിൽ ജനിച്ച ആളല്ല. ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. അവാസ്തവം പറഞ്ഞ് മോദി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഒഡീഷയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

താൻ ഒബിസി ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ‘തെലി’ ജാതിയിൽപ്പെട്ട ഒരു കുടുംബത്തിലാണ് മോദി ജനിച്ചത്. 2000-ൽ, ഗുജറാത്തിലെ ബിജെപി സർക്കാർ ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മോദി ജന്മം കൊണ്ട് ഒബിസി അല്ലെന്നും രാഹുൽ അവകാശപ്പെട്ടു. 

‘എനിക്ക് ഒരു സർട്ടിഫിക്കറ്റും ആവശ്യമില്ല, മോദി OBC അല്ലെന്ന് എനിക്ക് എങ്ങനെ അറിയാം എന്ന് ചോദിക്ക്? അദ്ദേഹം ഒരു ഒബിസിയെയും കെട്ടിപ്പിടിക്കുന്നില്ല. ഒരു കർഷകൻ്റെയും കൈ പിടിക്കില്ല. ഒരു തൊഴിലാളിയുടെയും കൈ പിടിക്കുന്നില്ല. മോദി അദാനിക്ക് മാത്രമേ ഹസ്തദാനം നൽകൂ. മോദി ലോകത്തോട് കള്ളം പറയുകയാണ്. ജാതി സെൻസസ് നടത്താൻ ബിജെപിക്ക് കഴിയില്ല. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മാത്രമേ കഴിയൂ, എഴുതിവെച്ചോളൂ!!’ – രാഹുൽ വ്യക്തമാക്കി.

പാർലമെൻ്റിൽ മോദി സ്വയം "സബ്സെ ബഡാ ഒബിസി" എന്ന് വിളിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പരാമർശം.പിന്നാക്ക സമുദായങ്ങളിലെ നേതാക്കളോട് കോൺഗ്രസ് കാപട്യമാണെന്നും ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു.

bharat jodo nyay yatra congress bjp government Latest News odisha india rahul gandhi national news OBC PM Narendra Modi