/kalakaumudi/media/post_banners/2fa5fe0a8c1051d770d860ea1500415620511bce39f61c139490dc55d232ab62.jpg)
തൃശൂര്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുരുവായൂര്‍ ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി ഉടന്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഭാഗ്യ സുരേഷിന്റെ താലികെട്ടു ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി, തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാര്‍ക്കും ആശംസ അറിയിച്ചു. വധുവരന്മാര്‍ക്ക് അക്ഷതം നല്‍കി പ്രധാനമന്ത്രി അനുഗ്രഹിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ കുടുംബസമേതം പങ്കെടുത്തു. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും വിവാഹച്ച ചടങ്ങില്‍ പങ്കെടുത്തു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി വിശ്രമത്തിനുശേഷമാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തില്‍ താമരമൊട്ടുകെണ്ട് തുലാഭാരം നടത്തുകയും ഗുരുവായൂരപ്പന്റെ ദാരുശില്‍പവും സമര്‍പ്പിച്ചു.
എറണാകുളം ഗെസ്റ്റ് ഹൗസില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കോളജ് ഗ്രൗണ്ടില്‍ വന്‍ ജനക്കൂട്ടമാണ് കാത്തുനിന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം തിരികെ കൊച്ചിയിലെത്തി ഉച്ചയ്ക്കു 12നു വില്ലിങ്ഡന്‍ ഐലന്‍ഡില്‍ കൊച്ചി രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ 'ശക്തികേന്ദ്ര പ്രമുഖരുടെ' യോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങും.