മോദി ജനുവരിയിൽ കേരളത്തിലെത്തും, പിന്നാലെ അമിത് ഷാ; ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി എൻഡിഎ

ജനുവരി ആദ്യവാരം നടക്കുന്ന എൻ.ഡി.എയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് മോദി കേരളത്തിലെത്തുന്നത്.

author-image
Greeshma Raesh
New Update
മോദി ജനുവരിയിൽ കേരളത്തിലെത്തും, പിന്നാലെ അമിത് ഷാ; ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി എൻഡിഎ

കോട്ടയം: നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയിൽ കേരളത്തിലെത്തും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും എൻ.ഡി.എ. ചെയർപേഴ്സണുമായ കെ. സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.എൻ.ഡി.എ. സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയ്ക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയ പ്രമുഖ നേതാക്കൾ വരും മാസങ്ങളിൽ കേരളത്തിൽ വരും.ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും. അതെസമയം പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എൻ.ഡി.എ. പ്രവർത്തകരും ഒരുമിച്ചിറങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകൾക്ക് പിണറായി സർക്കാരാണ് ഉത്തരവാദി. കർഷകരുടെ ആനുകൂല്യങ്ങൾ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകൾ തുടരുന്നതിന് കാരണം. നരേന്ദ്രമോദി സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. നെൽകർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക നൽകുന്നില്ല. റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത തുക നൽകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

 

ടനിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നാണ് നവകേരളയാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ഈ നിലപാടാണ് ഇപ്പോൾ കോൺഗ്രസും കൈക്കൊള്ളുന്നത്. ഇനിയും നവകേരളയാത്രയിൽ നിന്നും കോൺഗ്രസ് മാറി നിൽക്കുന്നത് ശരിയല്ല. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് കോൺഗ്രസാണ്. ഭരണ-പ്രതിപക്ഷ സഹകരണമാണ് മാസപ്പടിയിൽ കണ്ടത്.'-സുരേന്ദൻ കൂട്ടിച്ചേർത്തു.

 

 

kerala narendra modi NDA amit shah lok-sabha election 2024