ഗഗന്‍യാന്‍ ദൗത്യത്തിലെ മലയാളി; പ്രധാനമന്ത്രി പ്രഖ്യാപിക്കും; ആകാംക്ഷ

ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയില്‍ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉള്‍പ്പെട്ടിരിക്കുന്നത്.

author-image
Web Desk
New Update
ഗഗന്‍യാന്‍ ദൗത്യത്തിലെ മലയാളി; പ്രധാനമന്ത്രി പ്രഖ്യാപിക്കും; ആകാംക്ഷ

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയില്‍ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉള്‍പ്പെട്ടിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി തിരുവനന്തപുരത്ത് എത്തുന്നത്.

2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട 4 പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. 3 ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ 3 ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യം അടുത്ത വര്‍ഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത 'വ്യോമമിത്ര'യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം 'ജിഎക്‌സ്' 2024 ജൂണില്‍ വിക്ഷേപിക്കും.

ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ 3 ദിവസം സഞ്ചരിച്ച ശേഷം മടങ്ങിയെത്തും. തുടര്‍ന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങള്‍ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗന്‍യാന്‍ ദൗത്യം. മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണു ഗഗന്‍യാന്‍ ദൗത്യത്തിന്റെ ലക്ഷ്യം.

 

 

isro malayali narendramodi gaganyan