ചൈനയിലെ ന്യൂമോണിയ; ഇന്ത്യയില്‍ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് തള്ളി കേന്ദ്രം

By web desk.07 12 2023

imran-azhar

 

ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന ന്യൂമോണിയ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് തളളി കേന്ദ്രം. റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദില്ലി എയിംസില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മൈകോപ്ലാസ്മ ന്യൂമോണിയ രാജ്യത്ത് സാധാരണയായി കാണാറുള്ളതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 


നിരീക്ഷണത്തിന്റെ ഭാഗമായി സാമ്പിള്‍ ശേഖരിച്ചതില്‍ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ പഠനത്തിന്റ ഭാഗമായുള്ള പരിശോധനയില്‍ കണ്ടെത്തിയതാണെന്നും, ഈ കേസുകള്‍ക്ക് ചൈനയിലെ രോഗ വ്യാപനവുമായി യാതൊരു ബന്ധവുമില്ലെന്നും കര്‍ശന നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

 


കുട്ടികളില്‍ പടരുന്ന അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്ന് ചൈന വിശദീകരിച്ചിരുന്നു. ലോകാരോഗ്യ സംഘടനക്കാണ് ചൈന വിശദീകരണം നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് പനി വ്യാപിച്ചതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നും ചൈന പറയുന്നു. ഒക്ടോബര്‍ ആദ്യവാരമാണ് വടക്കന്‍ ചൈനയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നൂറ് കണക്കിന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ചൈനീസ് നാഷണല്‍ ഹെല്‍ത് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

 

 

OTHER SECTIONS