/kalakaumudi/media/post_banners/9a2c99852110859098067001aee820da046875be236075e5c672b20a9f340559.jpg)
കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയടക്കം 20 ല്‍ അധികം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
ബീച്ചില്‍ പുതുവര്‍ഷാഘോഷങ്ങള്‍ നടക്കുമ്പോഴായിരുന്നു എസ്.എഫ്.ഐ. ഗവര്‍ണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചില്‍ കത്തിക്കാനായി ഒരുക്കിയത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കല്‍. ബീച്ചില്‍ പുതുവര്‍ഷം ആഘോഷിക്കാനായി നിരവധി പേര്‍ എത്തിയിരുന്നു. ബീച്ചിന്റെ ഒരുഭാഗത്തായാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാനമൊട്ടാകെ വലിയ പ്രതിഷേധമാണ് എസ്.എഫ്.ഐ. നടത്തുന്നത്. സര്‍വ്വകലാശാലാ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം.
നേരത്തേ കാലിക്കറ്റ് സര്‍വ്വകലാശാലയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് എസ്.എഫ്.ഐ. നടത്തിയത്. എസ്.എഫ്.ഐ. ക്യാമ്പസില്‍ ഉയര്‍ത്തിയ ബാനര്‍ ഗവര്‍ണര്‍ അഴിപ്പിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് ബാനറുകള്‍ എസ്.എഫ്.ഐ. ഉയര്‍ത്തിയിരുന്നു.