'നവകേരള സദസ്സിന്റെ സമ്മേളന വേദിക്കരികില്‍ പാചകം പാടില്ല'; വിചിത്ര നിര്‍ദേശവുമായി പൊലീസ്

By priya.01 12 2023

imran-azhar

 

കൊച്ചി: ആലുവയിലെ നവകേരള സദസ്സിന്റെ സമ്മേളന വേദിക്കരികില്‍ പാചകം പാടില്ലെന്ന നിര്‍ദേശം നല്‍കി പൊലീസ്. സമ്മേളന വേദിക്ക് സമീപത്തെ കച്ചവടക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കി.

 

സുരക്ഷാകാരണങ്ങളാല്‍ ഭക്ഷണശാലയില്‍ അന്നേ ദിവസം പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും പൊലീസിന്റെ നിര്‍ദേശത്തില്‍ പറയുന്നു.


ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയില്‍ കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 7ന് ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് അടുത്ത് ആണ് നവകേരള സദസ് ചേരുന്നത്.

 

പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന കടയില്‍ ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യമാണ്.


പരിശോധന നടത്തിയതിന് ശേഷം കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്ന് താല്‍കാലിക തിരിച്ചറിയില്‍ കാര്‍ഡ് നല്‍കും.


ഇതിന് വേണ്ടി തൊഴിലാളികളുടെ രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സ്റ്റേഷനില്‍ എത്തിച്ച് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം.

 

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും പൊലീസിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

 

 

OTHER SECTIONS