/kalakaumudi/media/post_banners/d8fc57e479c686198cb7da5dc0c70233f9071965d0ecfeabd34396188bb93964.jpg)
ന്യൂഡല്‍ഹി: പൂഞ്ച് ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് പ്രതിപക്ഷം. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. പൂഞ്ചില്‍ ഉണ്ടായത് പുല്‍വാമ ഭീകരാക്രമണത്തിന്റെ ആവര്‍ത്തനമാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടും തീവ്രവാദം അവസാനിച്ചിട്ടില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി.
പുല്‍വാമ ആക്രമണത്തിന്റെ ആവര്‍ത്തനമാണ് പൂഞ്ചിലെ ഭീകരാക്രമണം. കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണ്. സൈനികരുടെ ജീവന്‍ വച്ച് വീണ്ടും രാഷ്ട്രീയം കളിക്കാനാണോ ബിജെപി ശ്രമിക്കുന്നതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. പൂഞ്ച് സംഭവത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ ബിജെപി ഡല്‍ഹിയില്‍ നിന്നോ രാജ്യത്ത് തന്നെ നിന്നോ പുറത്താക്കുമെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദും മെഹബൂബ മുഫ്തിയും ആക്രമണത്തെ അപലപിച്ചു.
താഴ്വരയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പരിഹാരമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ നടപ്പാക്കിയിട്ടും തീവ്രവാദം അവസാനിച്ചിട്ടില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. 'ആര്‍ട്ടിക്കിള്‍ 370 ആണ് തീവ്രവാദത്തിന്റെ മൂലകാരണമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. പ്രത്യേക അധികാരം റദ്ദാക്കിയിട്ടും തീവ്രവാദം അവസാനിച്ചിട്ടില്ല. കേണലും ക്യാപ്റ്റനും പോലെയുള്ള ഉദ്യോഗസ്ഥര്‍ കശ്മീരില്‍ മരിക്കുന്നു. ദിവസവും എവിടെയെങ്കിലും ബോംബ് പൊട്ടിത്തെറിക്കുന്നു. തീവ്രവാദം അവസാനിച്ചോ? അവസാനിച്ചിട്ടില്ല...പക്ഷേ ബിജെപി തീവ്രവാദം അവസാനിച്ചുവെന്ന് കാഹളം മുഴക്കുന്നു'- എന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.