പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മലയാളത്തിലാക്കണം; കര്‍ശന നിര്‍ദേശവുമായി ആഭ്യന്തരവകുപ്പ്

By Greeshma Rakesh.21 11 2023

imran-azhar

 

 

തിരുവനന്തപുരം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മലയാളത്തിലാക്കണമെന്ന നിയമസഭാ സമിതിയുടെ നിര്‍ദ്ദേശം അടിയന്തരമായി നടപ്പാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. നിലവില്‍ ഇംഗ്ലീഷിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

 

മരണകാരണം, ആന്തരികാവയവങ്ങളുടെ സ്ഥിതി, ശരീരത്തിലെ മുറിവുകള്‍, ക്ഷതങ്ങള്‍ എന്നിവയെല്ലാം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മലയാളത്തിലായാല്‍ സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ വായിച്ച് മനസിലാക്കാനാകും.

 


ഇതിന്റെ ഭാഗമായുള്ള നിയമവശങ്ങള്‍ പരിശോധിക്കുന്ന വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് വേഗത്തില്‍ കൈമാറണമെന്നും ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു.അതെസമയം സമിതിയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.പി.ഷൗക്കത്തലി, അഡ്വ.ജി.മോഹന്‍രാജ് എന്നിവരെ ഉള്‍പ്പെടുത്തണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശ അംഗീകരിച്ചു.

 

2017-ല്‍ റിപ്പോര്‍ട്ട് മലയാളത്തിലാക്കാന്‍ ആഭ്യന്തര സെക്രട്ടറി പോലീസ് മേധാവിക്കും ആരോഗ്യ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.മാത്രമല്ല മെഡിക്കല്‍, ഫോറന്‍സിക് പദങ്ങള്‍ക്കു പകരം മലയാള പദങ്ങളില്ലാത്തപക്ഷം റിപ്പോര്‍ട്ടില്‍ അവ അതേരീതിയില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിരുന്നു.

 

ഇതിനായി നിലവിലുള്ള പി.എം.ആര്‍ (പോസ്റ്റ്‌മോര്‍ട്ടം റീഡിസ്ട്രിബ്യൂഷന്‍) ഫോറം മലയാളത്തിലേക്കു പരിഭാഷപ്പെടുത്താന്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ അഭിപ്രായം ആരോഗ്യവകുപ്പ് തേടിയിരുന്നു. എന്നാല്‍ മലയാളത്തില്‍ റിപ്പോര്‍ട്ടെഴുതുന്നത് പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

 

 

 

OTHER SECTIONS