പൊതുഇടങ്ങളില്‍ പോസ്റ്ററും ബോര്‍ഡും സ്ഥാപിച്ചാല്‍ ഇനി പിടിവീഴും

പൊതു ഇടങ്ങളില്‍ പോസ്റ്ററും ബോര്‍ഡും സ്ഥാപിച്ചാല്‍ ഇനി പിടിവീഴും. ഇത്തരത്തില്‍ സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ വികൃതമാക്കിയാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കേണ്ടിവരും.

author-image
anu
New Update
പൊതുഇടങ്ങളില്‍ പോസ്റ്ററും ബോര്‍ഡും സ്ഥാപിച്ചാല്‍  ഇനി പിടിവീഴും

 

തിരുവനന്തപുരം: പൊതു ഇടങ്ങളില്‍ പോസ്റ്ററും ബോര്‍ഡും സ്ഥാപിച്ചാല്‍ ഇനി പിടിവീഴും. ഇത്തരത്തില്‍ സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ വികൃതമാക്കിയാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കേണ്ടിവരും. ബാനര്‍ കെട്ടിയും ഫ്‌ലെക്സ് ബോഡുകള്‍വെച്ചും നോട്ടീസ് പതിച്ചും പരസ്യം പ്രദര്‍ശിപ്പിച്ചും പൊതുയിടങ്ങള്‍ നശിപ്പിക്കുന്നവര്‍ക്ക് ആറുമാസം തടവും 50,000 രൂപ പിഴയും നല്‍കാനും വ്യവസ്ഥചെയ്യുന്ന കരട് നിയമം തയ്യാറായി.

നിയമപരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ കരട് ബില്‍ (ദ കേരള പ്രിവന്‍ഷന്‍ ഓഫ് ഡിഫെയ്സ്മെന്റ് ഓഫ് പ്രോപ്പര്‍ട്ടി ബില്‍ 2024) സര്‍ക്കാരിന് കൈമാറി. തദ്ദേശ, നിയമവകുപ്പുകളുടെ പരിശോധനകള്‍ക്കുശേഷം ബില്‍ പാസാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. പൊതുസ്ഥലങ്ങളും പുരാവസ്തുപ്രാധാന്യമുള്ള സ്ഥലങ്ങളും വികൃതമാക്കുന്നത് തടയാന്‍ നിയമം വേണമെന്ന നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (2006-2008) യുടെ ശുപാര്‍ശകൂടി കണക്കിലെടുത്താണ് കരട് ബില്‍ തയ്യാറായിട്ടുള്ളത്.

റോഡുകള്‍, നടപ്പാതകള്‍, ചരിത്രസ്മാരകങ്ങള്‍, കെട്ടിടങ്ങള്‍, അതിന്റെ മതിലുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍, സ്ഥലസൂചനാ ബോര്‍ഡുകള്‍, നെയിംബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഇനി നിയമത്തിന്റെ പരിധിയില്‍ വരും.

വ്യക്തികള്‍ക്ക് പകരം സ്ഥാപനങ്ങളോ കമ്പനികളോ രാഷ്ട്രീയപ്പാര്‍ട്ടികളോയാണ് നിയമലംഘനം നടത്തുന്നതെങ്കില്‍ അവയുടെ മേധാവിയോ പാര്‍ട്ടി ഭാരവാഹികളോ കുറ്റക്കാരാകും. വിനോദസഞ്ചാരമോ വാണിജ്യപ്രാധാന്യമോ കണക്കിലെടുത്ത് പൊതുസ്ഥലത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കളക്ടര്‍മാര്‍ക്ക് അധികാരമുണ്ടാവും.

Latest News kerala news