/kalakaumudi/media/post_banners/1738a94b3322beaa84fe021817cef51d17870c58f0b3b2c92c2d9ea25d3f9948.jpg)
തൃശൂര്‍: 100 കോടിയിലേറെ രൂപയുടെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ്‌കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാകളക്ടറുടെ ഉത്തരവ്. കേസിലെ മറ്റു പ്രതികളുടെ സ്വത്തുക്കളും ബഡ്സ് (ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ്) നിയമപ്രകാരം കണ്ടുകെട്ടാനാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന കേസില്‍ വിവിധ സ്റ്റേഷനുകളില്‍ ഇരുന്നൂറിലേറെ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. 9 മാസം ജയിലിലായിരുന്ന പ്രവീണ്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിനു പിന്നാലെയാണ് കളക്ടറുടെ ഉത്തരവ്.
സേഫ് ആന്‍ഡ് സ്‌ട്രോങ് ചിട്ടിക്കമ്പനി വഴി 48% പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്ന് 100 കോടിയിലേറെ രൂപ തട്ടിയെടുത്തു മുങ്ങിയ കേസിലാണ് പ്രവീണ്‍ റാണയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
രാഷ്ട്രീയനേതാക്കള്‍ക്കടക്കം ഇയാളുടെ സ്ഥാപനങ്ങളില്‍ കള്ളപ്പണ നിക്ഷേപമുണ്ടായിരുന്നു. സേഫ് ആന്‍ഡ് സ്‌ട്രോങ് ബിസിനസ് കണ്‍സല്‍റ്റന്റ്‌സ് ആണു പ്രധാന സ്ഥാപനം. സേഫ് ആന്‍ഡ് സ്‌ട്രോങ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സേഫ് ആന്‍ഡ് സ്‌ട്രോങ് പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സ്, സേഫ് ആന്‍ഡ് സ്‌ട്രോങ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ്, സേഫ് ആന്‍ഡ് സ്‌ട്രോങ് ഐടി സൊലൂഷന്‍സ്, ഐആം വെല്‍നസ് ഗ്രൂപ്പ്, സേഫ് ആന്‍ഡ് സ്‌ട്രോങ് ടിവി, സേഫ് ആന്‍ഡ് സ്‌ട്രോങ് അക്കാദമി, സേഫ് ആന്‍ഡ് സ്‌ട്രോങ് കൈപ്പുള്ളീസ്, സേഫ് ആന്‍ഡ് സ്‌ട്രോങ് മാര്‍ക്കറ്റിങ് ബിസിനസ് എന്നിവയാണ് മറ്റു സ്ഥാപനങ്ങള്‍.