/kalakaumudi/media/post_banners/6e562959641e3eff652c6742c3a3825d03eaccd87b3769d6fd665428153faf67.jpg)
ശബരിമല: ശബരിമലയിൽ നവംബർ 17-ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ഇതിനു മുന്നോടിയായി ഒക്ടോബർ 18ന് ശബരിമലയിലും മാളികപ്പുറത്തും പുതിയ മേൽശാന്തി നറുക്കെടുപ്പ് നടക്കും. ഇതിനായി അഭിമുഖം നടത്തി തയാറാക്കിയ പട്ടിക ഹൈക്കോടതിക്ക് നൽകി.ശബരിമലയിൽ വിപുലമായ സുരക്ഷാ ക്രമീകരണ പദ്ധതിക്ക് അധികൃതർ രൂപം നൽകിയിട്ടുണ്ട്.
നിലവിൽ പമ്പയിലെ ക്രമീകരണങ്ങൾ അവലോകനം ചെയ്ത ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ എല്ലാ സർക്കാർ വകുപ്പുകളോടും തദ്ദേശസ്ഥാപനങ്ങളോടും സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിർദേശിച്ചു. ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ സീസണിൽ ഏകദേശം 50 ലക്ഷം ഭക്തരാണ് ശബരിമലയിൽ ദർശനത്തിനെത്തിയത്.
മാത്രമല്ല ശബരിമലയിലേയ്ക്കുള്ള മൂന്ന് റൂട്ടുകളിൽ വനംവകുപ്പ് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കുകയും ഈ റൂട്ടുകളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും. സന്നിധാനത്തും കാനനപാതകളിലും ശുചീകരണത്തിന് ഇക്കോ ഗാർഡുകളെ കൂടാതെ എലിഫന്റ്, സ്നേക്ക് സ്ക്വാഡുകളെ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ ആറുഘട്ടങ്ങളിൽ ആദ്യ മൂന്ന് ഘട്ടങ്ങളിലായി 2000 പോലീസുകാർ വീതവും ബാക്കി ഘട്ടങ്ങളിൽ 2500 പോലീസുകാരെ വീതവും വിന്യസിക്കാനാണ് തീരുമാനം. സീസണിലുടനീളം കെഎസ്ആർടിസി 200 ചെയിൻ സർവീസുകളും 150 ദീർഘദൂര സർവീസുകളും നടത്തും. സന്നിധാനം, പമ്പ, നിലക്കൽ, റാന്നി, റാന്നി-പെരുനാട് എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് ആംബുലൻസുകളും ഉദ്യോഗസ്ഥരും മരുന്നുകളും ഉറപ്പുവരുത്തും.
ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് 21 താൽക്കാലിക ഫയർ സ്റ്റേഷനുകൾ തുറക്കും. സ്കൂബ ടീമിന്റെയും പ്രത്യേക ദൗത്യസേനയുടെയും സേവനവും ഉറപ്പാക്കും. മോട്ടോർവാഹന വകുപ്പ് സേഫ് സോൺ പദ്ധതി ഇത്തവണയും നടപ്പാക്കും. 18 പട്രോളിങ് ടീം 24 മണിക്കൂറും പരിശോധന നടത്തും.
അതെസമയം ഇലവുങ്കൽ-നിലക്കൽ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ തീർഥാടനകാലത്തിനു മുന്നോടിയായി പൂർത്തിയാക്കണമെന്ന് യോഗത്തിൽ കോന്നി നിയമസഭാംഗം കെ യു ജെനീഷ് കുമാർ ആവശ്യപ്പെട്ടു.പമ്പയിൽ ഭക്തജനങ്ങൾക്ക് ഇരിക്കാനും ക്യൂ നിൽക്കാനുമായി സെമി പെർമനന്റ് പന്തലുകൾ നിർമിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു.