അയോധ്യാ ധാം ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

അയോധ്യാ ധാം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

author-image
anu
New Update
അയോധ്യാ ധാം ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

അയോധ്യ: അയോധ്യാ ധാം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച സ്‌റ്റേഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

മൂന്ന് പ്ലാറ്റ്ഫോമുകളടക്കം വിമാനത്താവള ടെര്‍മിനലുകള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജാ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശുപരിപാലന മുറികള്‍, കാത്തിരിപ്പുകേന്ദ്രങ്ങള്‍, ആരോഗ്യപരിപാലന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

ദര്‍ഭംഗ- അയോധ്യ- ഡല്‍ഹി, മാള്‍ഡ- ബെംഗളൂരു അമൃത് ഭാരത് എക്സ്പ്രസുകളും ശ്രീ മാതാ വൈഷ്ണോ ദേവി കത്ര- ന്യൂഡല്‍ഹി, അമൃത്സര്‍- ഡല്‍ഹി, കോയമ്പത്തൂര്‍- ബെംഗളൂരു, മംഗളൂരു- മഡ്ഗാവ്, ജല്‍ന- മുംബൈ, അയോധ്യ- ഡല്‍ഹി വന്ദേഭാരത് എക്സ്പ്രസുകളുമാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന, പുഷ് പുള്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വന്ദേ ഭാരതിനോട് കിടംപിടിക്കുന്ന സൗകര്യങ്ങളോടെയാണ് അമൃത് ഭാരത് ട്രെയിനുകള്‍ ട്രാക്കിലിറങ്ങുന്നത്. ഫ്ളാഗ് ഓഫിന് മുമ്പ് അമൃത് ഭാരത് എക്സ്പ്രസിനുള്ളില്‍ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.

ശനിയാഴ്ച രാവിലെ പത്തോടെ പ്രധാനമന്ത്രി അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. അവിടെനിന്ന് റോഡ് ഷോ ആയാണ് അദ്ദേഹം 13 കിലോമീറ്റര്‍ അകലെയുള്ള അയോധ്യ ധാം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്.

national news Latest News