/kalakaumudi/media/post_banners/6ab322b417a7a4f81da20a2257631f264a0865c3f91fa0484f425405fba1e735.jpg)
തിരുവനന്തപുരം: കേരളത്തിൽ അടുത്തവർഷം ആരംഭിക്കുന്ന സ്വകാര്യ സർവകലാശാലകൾക്കായുള്ള കരടു നിയമത്തിൽ പിന്നാക്ക സംവരണമില്ല. ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ നിയമത്തിലാണ് ഈ ശുപാർശ. സ്വാശ്രയ കോളേജുകളിലേതിന് സമാനമായി പട്ടിക വിഭാഗ സംവരണം മാത്രമാണ് കരടു നിയമത്തിലുള്ളത്.
സ്വകാര്യ വാഴ്‌സിറ്റികളിലെ അത്യാധുനിക കോഴ്‌സുകളിൽ പിന്നാക്ക വിഭാഗക്കാർക്ക് പ്രവേശനം ഉറപ്പാക്കാൻ കരടുനിയമത്തിൽ വ്യവസ്ഥയില്ല. അതേസമയം, സ്വകാര്യ വാഴ്‌സിറ്റികൾ ആരംഭിക്കാനാവശ്യമായ ഭൂമിയിൽ സംസ്ഥാനത്ത് ഇളവു നൽകും.
മാത്രമല്ല ഇതുവരെ ഏതൊക്കെ വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്ന നയപരമായ തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടില്ല.നിലവിൽ എയ്‌ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 20 ശതമാനം പട്ടിക വിഭാഗസംവരണം മാത്രമാണുള്ളത്.ഇനി സർക്കാർ കോളേജുകളിലേയ്ക്ക് വന്നാൽ, 20 ശതമാനം ഒ.ബി.സി സംവരണമുണ്ട്. എന്നാൽ എൻജിനിയറിംഗ്, മെഡിക്കൽ കോഴ്‌സുകളിൽ സ്വാശ്രയ മേഖലയിലും പിന്നാക്ക സംവരണമുണ്ട്.
അതെസമയം സംസ്ഥാനത്ത് ഭൂമി വില കൂടുതലാണെന്നതും നഗരങ്ങളിൽ ഇരുപതേക്കർ ഭൂമി കണ്ടെത്തുകയെന്നതിലെ പ്രയാസവും കണക്കിലെടുത്ത് നഗരങ്ങളിൽ 20, ഗ്രാമങ്ങളിൽ 30 ഏക്കർ ഭൂമിയുണ്ടാവണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ സാധ്യതയുണ്ട്. തമിഴ് നാട്ടിൽ 100 ഏക്കർ ഭൂമിയാണ് വേണ്ടത്, യു.ജി.സി ചട്ടപ്രകാരം ഇരുപതു വർഷമായി പ്രവർത്തിക്കുന്നതും 3.26 നുമേൽ നാക് ഗ്രേഡുള്ളതുമായ സ്വയംഭരണ കോളേജുകൾ , കോർപറേറ്റ് മാനേജുമെന്റുകൾ , ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയ്ക്കും അപേക്ഷിക്കാം.
സംസ്ഥാന സർക്കാരിന്റെ ക്ഷണം ലഭിച്ചതിനെത്തുടർന്ന് 20 ഓളം സ്വകാര്യ സർവ്വകലാശാലകളാണ് കേരളത്തിൽ കാമ്പസുകൾ സ്ഥാപിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സ്വകാര്യ കോളേജുകളുടെ ഉടമസ്ഥതയിലുള്ള വമ്പൻ ഗ്രൂപ്പുകൾ അവരുടെ കാമ്പസുകൾ നിർമ്മിക്കുന്നതിനായി ഭൂമി അന്വേഷിക്കാൻ തുടങ്ങി. ഇതിന് പുറമെ സംസ്ഥാനത്ത് എയ്ഡഡ് കോളേജുകൾ നടത്തുന്ന കോർപ്പറേറ്റ് കമ്മ്യൂണിറ്റി മാനേജ്‌മെന്റുകളും വിപുലീകരണത്തിന് ഒരുങ്ങുകയാണ്.