/kalakaumudi/media/post_banners/2d63dc5960b94e34488b70bdeb3f40e18c31eeda4a87a401a205e7dda1b03aaf.jpg)
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രണ്ട് സീറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. പ്രാദേശിക കോണ്‍ഗ്രസ് ഘടകത്തെ അറിയിക്കാതെ, എഐസിസി കര്‍ണാടകയിലെ കൊപ്പല്‍ ലോക്‌സഭാ മണ്ഡലത്തില്‍ സര്‍വേ നടത്തിക്കഴിഞ്ഞതായും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൊപ്പലിനു പുറമേ തെലങ്കാനയിലെ മറ്റൊരു സീറ്റിലും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കര്‍ണാടകയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പല്‍. ജില്ലയിലെ 8 നിയമസഭാ മണ്ഡലങ്ങളില്‍ 6 എണ്ണത്തില്‍ കോണ്‍ഗ്രസാണ്. എഐസിസി നടത്തിയ സര്‍വേയില്‍ കൊപ്പല്‍ പ്രിയങ്കാ ഗാന്ധിക്ക് സുരക്ഷിതമായ സീറ്റാണെന്ന് കണ്ടെത്തിയതായാണ് വിവരം. നിലവില്‍ ബിജെപിയുടെ കാരാടി സംഗണ്ണയാണ് കൊപ്പല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
മുന്‍പ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കര്‍ണാടകയിലെ ചിക്കമംഗളൂരു ലോക്സഭാ സീറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. 1999-ല്‍ കര്‍ണാടകയിലെ ബല്ലാരി മണ്ഡലത്തില്‍ നിന്ന് അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിനെതിരെ സോണിയ ഗാന്ധി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പ്രിയങ്ക ഗാന്ധി കര്‍ണാടകയില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍, അത് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.