പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; സവാദിന്റെ ഡിഎൻഎ പരിശോധിക്കാൻ എൻഐഎ നീക്കം

കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എൻഐഎ നീക്കം.നിലവിൽ സവാദിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 16 വരെയാണ് റിമാൻഡ് കാലാവധി.

author-image
Greeshma Rakesh
New Update
പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; സവാദിന്റെ ഡിഎൻഎ പരിശോധിക്കാൻ എൻഐഎ നീക്കം

കൊച്ചി : പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ. ഇതിനായി ഉടൻ കോടതിയിൽ അപേക്ഷ നൽകും.കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എൻഐഎ നീക്കം.

13 വർഷം ഷാജഹാനെന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് സവാദ് പിടിയിലായത്. നിലവിൽ സവാദിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 16 വരെയാണ് റിമാൻഡ് കാലാവധി.എന്നാൽ കേസിൽ ഇതുവരെ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും എൻ ഐ എ വ്യക്തമാക്കി.

 

2010 ജൂലൈ 4നാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിമാറ്റുകയായിരുന്നു. ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ സവാദിനെ 13 വർഷത്തിന് ശേഷമാണ് കണ്ണൂരിൽ നിന്ന് എൻ.ഐ.എ പിടികൂടിയത്. ഷാജഹാൻ എന്ന് പേര് മാറ്റി കുടുംബമായി താമസിച്ച് വരുന്നതിനിടെയാണ് പിടിയിലായത്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്‍റെ ഒളിവ് ജീവിതമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 13 വര്‍ഷം ഒളിവിലിരിക്കാന്‍ സവാദിനെ സഹായിച്ചത് ആരൊക്കെയാണെന്നും കാണാമറയത്ത് സവാദ് എവിടെയൊക്കെയാണ് കഴിഞ്ഞതെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് എന്‍ഐഎ.

DNA Test hand chopped case pro tj joseph NIA savad