/kalakaumudi/media/post_banners/894fea5b99b83f9264a63f60320c5f43a54ddb237528ad3018987e0a18527e08.jpg)
തിരുവനന്തപുരം : പൂജപ്പുര ജയിലിലേക്ക് വനിത തടവുകാരെ മാറ്റാന്‍ തീരുമാനം. സംസ്ഥാനത്തെ ഏറ്റവും വലിയ വനിതാ ജയിലായ അട്ടക്കുളങ്ങര വനിത ജയിലിലെ തടവുകാരെ പൂജപ്പുര ജയില്‍ വളപ്പിലേക്ക് മാറ്റാനാണ് തീരുമാനം. അതേസമയം തടവുകാരുടെ എണ്ണം കൂടുതലുള്ള പൂജപ്പുരയില്‍ നിന്നടക്കം പുരുഷ തടവുകാരെ അട്ടക്കുളങ്ങരയിലേക്കും കൊണ്ടുവരും. പൂജപ്പുരയില്‍ വനിതാ തടവുകാര്‍ക്കായി പ്രത്യേക ബ്ലോക്ക് ഉണ്ടാക്കാനാണ് തീരുമാനം.
എന്നാല്‍ പുതിയ തീരുമാനത്തില്‍ അട്ടക്കുളങ്ങരയിലെ വനിതാ ജീവനക്കാര്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. 2011വരെ പൂജപ്പുര സെന്‍ട്രല്‍ ജയിലെ പ്രത്യേക ബ്ലോക്കിലായിരുന്നു വനിത തടവുകാരെ പാര്‍പ്പിച്ചിരുന്നത്. വനിതാ തടവുകാര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനും, ബന്ധുക്കളെത്തുമ്പോള്‍ കാണാനുമെല്ലാം സൗകര്യമുണ്ടാകണമെന്ന നിവേദനത്തെ തുടര്‍ന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് ജയില്‍ മേധാവിയായിരുന്നപ്പോള്‍ അട്ടക്കുളങ്ങരിയിലേക്ക് വനിതാ തടവുകാരെ മാറ്റിയത്. നെയ്യാറ്റിന്‍കരയിലെ വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരെയും അട്ടക്കുളങ്ങരിയിലേക്ക് മാറ്റി.
ജില്ലാ ജയിലായി പ്രവര്‍ത്തിച്ചിരുന്ന അട്ടക്കുളങ്ങരയിലെ പുരുഷ തടവുകാരെ മറ്റ് ജയിലേക്ക് മാറ്റി. ഇപ്പോള്‍ 300 പേരെ പാര്‍ക്കിപ്പിക്കാന്‍ സൗകര്യമുള്ള അട്ടക്കുളങ്ങര വനിതാ ജയിലിലുള്ളത് 35 വനിതാ തടവുകാര്‍ മാത്രമാണ്. 727 പേരെ പാര്‍ക്കിപ്പിക്കാന്‍ സൗകര്യമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1400 തടവുകാരുണ്ട്. ജില്ലാ ജയിലിലും തടവുകാരുടെ എണ്ണം കൂടുതലാണ്. കൊല്ലം, ആലപ്പുഴ ജയിലുകളിലും സ്ഥിതി വ്യത്യസ്തമല്ല. ജയിലുകള്‍ നിറയുമ്പോള്‍ സംഘര്‍ഷങ്ങളുമുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ 300 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന അട്ടക്കുളങ്ങര ജയിലേക്ക് പുരുഷ തടവുകാരെ മാറ്റുകയും അവിടെ നിന്നും വനിതകളെ പഴയതുപോലെ പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുകയും ചെയ്യണമെന്ന് ദക്ഷിണ മേഖല ജയില്‍ ഡിഐജി ശുപാര്‍ശ നല്‍കി.
ജയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധാരണയാവുകയും ചെയ്തു. പൂജപ്പുരയിലെ പഴയ വനിതാ ബ്ലോക്കിലിപ്പോള്‍ ചപ്പാത്തി യൂണിറ്റില്‍ ജോലി ചെയ്യുന്ന 86 തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരെ മാറ്റി വനിതാ ബ്ലോക്ക് തിരികെ നല്‍കും. ജയില്‍ മാറ്റത്തില്‍ വനിതാ ജീവനക്കാര്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു. എന്നാല്‍ വനിതാ തടവുകാര്‍ക്ക് പ്രത്യേക പ്രവേശന കവാടമായിരിക്കുമെന്നും ഭരണസംവിധാനവും പ്രത്യേകമായിരിക്കുമെന്നും ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യ വ്യക്തമാക്കി.