അനിശ്ചിതത്വം നീങ്ങി, മനുവിന്റെ അന്ത്യയാത്രയില്‍ ഒപ്പം ജെബിനും

അനിശ്ചിതത്വത്തിനൊടുവില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ച മനുവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ സ്വദേശമായ പയ്യാവൂരിലേക്കു തിരിച്ചു. മനുവിന്റെ സ്വവര്‍ഗ്ഗ പങ്കാളി മുണ്ടക്കയം സ്വദേശി ജെബിനും സുഹൃത്തുക്കളും മറ്റൊരു വാഹനത്തില്‍ ആംബുലന്‍സിനെ അനുഗമിക്കുന്നുണ്ട്.

author-image
Web Desk
New Update
അനിശ്ചിതത്വം നീങ്ങി, മനുവിന്റെ അന്ത്യയാത്രയില്‍ ഒപ്പം ജെബിനും

കൊച്ചി: അനിശ്ചിതത്വത്തിനൊടുവില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ച മനുവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ സ്വദേശമായ പയ്യാവൂരിലേക്കു തിരിച്ചു. മനുവിന്റെ സ്വവര്‍ഗ്ഗ പങ്കാളി മുണ്ടക്കയം സ്വദേശി ജെബിനും സുഹൃത്തുക്കളും മറ്റൊരു വാഹനത്തില്‍ ആംബുലന്‍സിനെ അനുഗമിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം മനുവിന്റെ സഹോദരനും ബന്ധുക്കള്‍ക്കും വിട്ടുകൊടുത്തത്. സംസ്‌കാരം നടക്കുന്നിടത്തേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് ബന്ധുക്കള്‍ ജെബിനെ അറിയിച്ചിരുന്നു.

വ്യാഴാഴ്ച തന്നെ മൃതദേഹം കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍വച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജെബിനു കോടതി അനുമതി നല്‍കി. മൃതദേഹത്തെ അനുഗമിക്കാന്‍ അനുവദിക്കണമെന്നു ജെബിന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. തുടര്‍ന്നു മനുവിന്റെ സഹോദരനുമായി ജെബിന്‍ സംസാരിച്ചു. കുടുംബം സംസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്തില്ല. ഹര്‍ജിക്കാരന് ആവശ്യമായ സംരക്ഷണം നല്‍കണമെന്നു പയ്യാവൂര്‍ എസ്എച്ച്ഒയ്ക്കു കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഈ മാസം മൂന്നിനു പുലര്‍ച്ചെയാണ് ഫോണ്‍ ചെയ്യാനായി ടെറസിലേക്കു പോയ മനു തെന്നി താഴെ വീണത്. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരിച്ചു.

പങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍നിന്നു വിട്ടുകിട്ടാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ജെബിന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

മനുവിന്റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ ചെലവായ 1.30 ലക്ഷം രൂപ അടയ്ക്കാനില്ലെന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാമെന്നും ജെബിന്‍ അറിയിച്ചു. ഈ പണം കൈപ്പറ്റി മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജെബിന്‍ ഹൈക്കോടതിയെ സമീപിച്ചത്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പായി എറണാകുളത്തെ ഫ്‌ലാറ്റില്‍ ഒന്നിച്ചാണ് താമസിക്കുന്നതെന്നും പങ്കാളിയായ മനുവിന്റെ കുടുംബം ബന്ധത്തിന് എതിരായിരുന്നെന്നും ഹര്‍ജിയില്‍ അറിയിച്ചിരുന്നു.

മനുവിന്റെ മാതാപിതാക്കള്‍ പണമടച്ചു മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറല്ലെന്ന് അറിയിച്ചതിനാല്‍ തനിക്കു മൃതദേഹം വിട്ടുനല്‍കണമെന്നാണു ജെബിന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ചപ്പോള്‍, മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങള്‍ സമ്മതം അറിയിക്കുകയായിരുന്നു.

 

kerala kochi High Court