
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. 221986 വോട്ടുകള്‍ നേടിയാണ് രാഹുല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് അര്‍ഹനായത്. 168588 വോട്ടുകള്‍ നേടി അബിന്‍ വര്‍ക്കി രണ്ടാം സ്ഥാനത്തെത്തി.31930 വോട്ടുകളുമായി അരിത ബാബുവാണ് മൂന്നാം സ്ഥാനത്ത്.
അബിന്‍, അരിത ബാബു എന്നിവരടക്കം 10 പേര്‍ വൈസ് പ്രസിഡന്റുമാരാകും. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ 7,29,626 വോട്ടുകളാണ് പോള്‍ ചെയ്തത്. തിരഞ്ഞെടുപ്പു നടന്നു രണ്ടുമാസങ്ങള്‍ക്കു ശേഷമാണു ഫലം പുറത്തുവരുന്നത്.
വ്യക്തിപരമായ ഉത്തരവാദിത്തവും സംഘടനാബോധവും ഒത്തുചേര്‍ന്നുണ്ടായ വിജയമാണിതെന്നും ഫലമറിയാന്‍ ഉമ്മന്‍ ചാണ്ടി ഇല്ലയെന്നത് സങ്കടമെന്നും വിജയത്തിനുപിന്നാലെ രാഹുല്‍ പ്രതികരിച്ചു.തിരഞ്ഞെടുപ്പു പോരാട്ടം നേതാക്കള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി അംഗവുമാണ് രാഹുല്‍.മുമ്പ് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും എന്‍എസ്യു ദേശീയ സെക്രട്ടറിയും ആയിരുന്നു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടി. എംജി യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു.പത്തനംതിട്ട അടൂര്‍ സ്വദേശിയാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അബിന്‍. എന്‍എസ്യു ദേശീയ സെക്രട്ടറി ആയിരുന്നു. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എന്‍ജിനീയറിങ് കോളജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങിലും ലോ അക്കാദമിയില്‍നിന്ന് നിയമത്തിലും ബിരുദം നേടി. എറണാകുളം കോലഞ്ചേരി സ്വദേശിയാണ്.