/kalakaumudi/media/post_banners/390392bc3c12f74632f520c898cacdd0b4f8923cbf55c886436a8592a021b8df.jpg)
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രണ്ടാം വൈദ്യ പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്ത്. രാഹുല്‍ ക്ലിനിക്കലി ഫിറ്റെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട്. ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് രണ്ടാമതും മെഡിക്കല്‍ പരിശോധന നടത്തിയത്. കിംസ് ആശുപത്രിയില്‍ നിന്ന് 6/1/24 ന് ഡിസ്ചാര്‍ജ് ആയതും, മരുന്നുകള്‍ കഴിക്കുന്നതും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികള്‍. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയില്‍ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവര്‍ത്തകര്‍ പൊലീസിനെ ചെറുക്കാന്‍ ശ്രമിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും പൊലീസ് വിലക്കി.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേര്‍ന്ന് അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടന്നത്. ഡിസംബര്‍ 20 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎല്‍എമാരായ ഷാഫി പറമ്പിലും എം വിന്‍സന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി.
അനുമതിയില്ലാത്ത സമരം , പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.