/kalakaumudi/media/post_banners/758fb7b941e54415ea624d828373460183b431a54346725962fd5a93d73bb221.jpg)
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പരക്കെ മഴ പെയ്യും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.
തെക്കന്‍ കേരളത്തിലാണ് ഇന്നും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം.
നെയ്യാറിലും കരമന നദിയിലും ജലനിരപ്പ് ഉയര്‍ന്നതോടെ കേന്ദ്ര ജല കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണമായും കോട്ടയത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലും ഭാഗികമായും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചേര്‍ത്തല താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.