/kalakaumudi/media/post_banners/4876ab5f9f3f31f3b89e99258e038d12e826f2865bee6de65c73c8aa4f58ba7d.jpg)
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴ പെയ്യാനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ശക്തിയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.
പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നാളെ ഇത് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നവംബര്‍ 9 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 1.1 മുതല്‍ 1.7 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് 1.0 മുതല്‍ 1.6 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.