/kalakaumudi/media/post_banners/a0b4b1a8f593143b5b7d2e36e88812546071620564fd6b1001525757e9621e1d.jpg)
തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതോടെ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റയും ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനുള്ളിലും പരിസരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കുമാരപുരം കലാകൗമുദി റോഡില്‍ വെള്ളം കയറി.
നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ചിറയിന്‍കീഴ്,വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ നാല് വീതം വീടുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്കിലെ മാമം അംഗന്‍വാടിയില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്.
ഒക്ടോബര്‍ ഒന്നിന് വിതുര പൊന്നാംചുണ്ട് പാലത്തിന് സമീപം വാമനാപുരം നദിയില്‍ കാണാതായ വിതുര സ്വദേശി സോമനെ(58)കണ്ടെത്താനുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.