/kalakaumudi/media/post_banners/bad1f6a4c40a1f5a651a1c137ffd367b5289327f0270b4345de157fe964663b3.jpg)
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് വെള്ളിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി നിലനിന്നിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതു പടിഞ്ഞാറു, വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ 2നു അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും ഡിസംബര്‍ 3നു തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ 4 വൈകിട്ടോടെ തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാട് തീരത്ത് ചെന്നൈയ്ക്കും മച്ചലിപട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.