/kalakaumudi/media/post_banners/b9a2891004315730a06e8d070c14331517fe95e4e5e6ec11a8310ce85ee9208e.jpg)
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതെസമയം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ട്. ഭൂമധ്യരേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലവിൽ സ്ഥിതിചെയ്യുന്നുണ്ട്. മഴ മുന്നറിയിപ്പുണ്ടെങ്കിലും ഒരു ജില്ലയിലും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് ശക്തമായ മയ വിട്ടുനിൽക്കുകയാണ്. പലയിടത്തും നേരിയ തോതിലുള്ള മഴ മാത്രമാണ് ലഭ്യമായത്. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച ജില്ലകളിലും നേരിയ തോതിലുള്ള മഴ ലഭിച്ചു.
അതെസമയം ശനിയാഴ്ച ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കന്യാകുമാരി പ്രദേശം അതിനോട് ചേർന്നുള്ള മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.