രാജീവ് ഗാന്ധി വധക്കേസിൽ ജയില്‍മോചിതനായ ശാന്തൻ അന്തരിച്ചു; അന്ത്യം ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍

ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം എക്‌സിറ്റ് പെര്‍മിറ്റിലൂടെ അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു.അതിനിടെയാണ് മരണം

author-image
Greeshma Rakesh
New Update
രാജീവ് ഗാന്ധി വധക്കേസിൽ ജയില്‍മോചിതനായ ശാന്തൻ അന്തരിച്ചു; അന്ത്യം ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു. 55 വയസ്സായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ വെച്ച് രാവിലെ 7.50 നായിരുന്നു അന്ത്യം. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയായിരുന്നു.

ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം എക്‌സിറ്റ് പെര്‍മിറ്റിലൂടെ അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു.അതിനിടെയാണ് മരണം. ഈയാഴ്ച തന്നെ ശാന്തനെ ശ്രീലങ്കയിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ തുടർന്നുവരികയായിരുന്നു.

1990 കളുടെ അവസാനമാണ് ശാന്തന്‍ ബോട്ടുമാര്‍ഗം അനധികൃതമായി ഇന്ത്യയിലെത്തുന്നത്. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും, കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിലും ശാന്തന് പങ്കുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.രാജീവ് ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവിന്റെ വേഷത്തിലെത്തിയ ശാന്തന്‍, ചാവേറുകളെ രാജീവ് ഗാന്ധിയുടെ അടുത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചെന്നും കണ്ടെത്തിയിരുന്നു.

 

രാജീവ് ഗാന്ധി വധക്കേസില്‍ ശാന്തനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറച്ചു. 2022 ലാണ് ശാന്തനെ ജയില്‍ മോചിതനാക്കിയത്. തുടര്‍ന്ന് തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പില്‍ ശാന്തനെ പാര്‍പ്പിക്കുകയായിരുന്നു.

death CHENNAI rajiv gandhi assassination santhan