/kalakaumudi/media/post_banners/66650acd94489616071baa0b957862767a96122d5914b0acbd0bd62f9c263648.jpg)
മുംബൈ: സാമൂഹിക സേവന രംഗത്തെ മികവിനുള്ള ജംനാലാല്‍ ബജാജ് പുരസ്‌കാരം മലയാളി ഡോക്ടര്‍ ദമ്പതികളായ റെജി ജോര്‍ജ്, ലളിത റെജി, ബിഹാറിലെ സാമൂഹിക പ്രവര്‍ത്തക സുധ വര്‍ഗീസ് എന്നിവര്‍ സ്വന്തമാക്കി.
ആരോഗ്യ- സാമൂഹികക്ഷേമ രംഗത്തെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കാണ് റെജി ജോര്‍ജ്, ലളിത റെജി ദമ്പതികള്‍ക്ക് പുരസ്‌കാരം ലഭിച്ചത്. 1992ല്‍ തമിഴ്‌നാട് ധര്‍മപുരിയിലെ വനമേഖലയിലെ കുടിലില്‍ ഇവര്‍ ആശുപത്രി ആരംഭിച്ചു.
ആദിവാസികളുടെ ഉന്നമനത്തിനായി നടത്തിയ സേവനങ്ങളിലൂടെ ഇവര്‍ ശ്രദ്ധ നേടി. ബിഹാറില്‍ പട്ടിണിയില്‍ ബുദ്ധിമുട്ടിയിരുന്ന മുസാഫര്‍ വിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് കോട്ടയം സ്വദേശിയായ സുധയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
ശാസ്ത്ര സാങ്കേതിക വിദ്യ ഗ്രാമ വികസനത്തിനായി ഉപയോഗിച്ചതിന് ഡോ. രാമലക്ഷ്മി ദത്തയും ഇന്ത്യയ്ക്ക് പുറത്ത് ഗാന്ധിയന്‍ മൂല്യങ്ങള്‍ പ്രചരിപ്പിച്ചതിന് ബംഗ്ലാദേശില്‍ നിന്നുള്ള രാഹാ നാബാ കുമാറും
പുരസ്‌കാരത്തിന് അര്‍ഹരായി.
പുരസ്‌കാര വിതരണച്ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുഖ്യാതിഥിയായിരുന്നു.