/kalakaumudi/media/post_banners/09932620aeea6ec75f6f882b378e56489a52434ff8a53445ebdaf1d74d33b2b9.jpg)
അവശ വിഭാഗങ്ങളുടെ മുന്നണി പോരാളിയെന്ന നിലയില്‍ ആര്‍.ശങ്കര്‍ സമാനതകളില്ലാത്ത തലയെടുപ്പോടെ ധീരമായി പ്രവര്‍ത്തിച്ച് ചരിത്രം സൃഷ്ടിച്ചു. മുഖ്യമന്ത്രി, ധനകാര്യന്ത്രി, വിദ്യാഭ്യാമന്ത്രി എന്നീ നിലകളില്‍ അസാമാന്യമായ പ്രവര്‍ത്തനമാണ് ശങ്കര്‍ കാഴ്ചവെച്ചത്
ഹരിദാസ് ബാലകൃഷ്ണന്‍
'നട്ടെല്ലെന്ന ഗുണം' രാഷ്ട്രീയത്തില്‍ വളരെ കുറവാണ്. പക്ഷേ ആര്‍. ശങ്കറിന് നട്ടെല്ലെന്ന ഗുണം വളരെ കൂടുതലാണ്. സ്വതവേ നിവര്‍ന്ന നട്ടെല്ലാണ് തനിക്കുള്ളതെന്ന് ശങ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഉത്തരവാദ ഭരണപ്രക്ഷോഭത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതാവ് എന്ന നിലയിലും എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയെന്ന നിലയിലും അവശ വിഭാഗങ്ങളുടെ മുന്നണി പോരാളിയെന്ന നിലയിലും ശങ്കര്‍ സമാനതകളില്ലാത്ത തലയെടുപ്പൊടെ ധീരമായി പ്രവര്‍ത്തിച്ച് ചരിത്രം സൃഷ്ടിച്ചു. മുഖ്യമന്ത്രി, ധനകാര്യന്ത്രി, വിദ്യാഭ്യാമന്ത്രി എന്നീ നിലകളില്‍ അസാമാന്യമായ പ്രവര്‍ത്തനമാണ് ശങ്കര്‍ കാഴ്ചവെച്ചത്. നാളെ ശങ്കറിന്റെ 51-ാം ചമരദിനമാണ്. ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് സംസ്ഥാന നിയമസഭ തിരഞ്ഞെടുത്ത് അയച്ച് ആറ് അംഗങ്ങളില്‍ ഒരാളായിരുന്നു ശങ്കര്‍. കെ.പി.സി.സി. പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് എന്ന ചത്ത കുതിരയെ ജീവന്‍ വെപ്പിച്ച് വിമോചനസമരത്തിന്റെ ഭാഗമാക്കി അധികാരത്തിലേക്ക് തിരിച്ചെത്തിച്ചു. വിമോചനസമരത്തിന് നേതൃത്വം നല്‍കിയത് വഴി ശങ്കറിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നുവെങ്കിലും അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭയെ ശത്രുക്കള്‍ പോലും ബഹുമാനിച്ചു.
വിമോചനസമരം നയിച്ച കോണ്‍ഗ്രസ്സിനെ ജയിപ്പിച്ച ശങ്കറിന് ആദ്യം മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല. പകരം ഒരു ന്യൂനപക്ഷകക്ഷിയുടെ നേതാവായ പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കി. സവര്‍ണ്ണവിഭാഗം ശങ്കറിനെ തഴഞ്ഞു. പക്ഷേ, നിയോഗം ശങ്കറിനെ തേടിയെത്തി ശങ്കര്‍ മുഖ്യമന്ത്രിയായി. പട്ടംതാണുപിള്ള ആകട്ടെ സ്വന്തം പാര്‍ട്ടിയോടുപോലും അനുവാദം വാങ്ങാതെ ഗവര്‍ണര്‍ ആയിപ്പോയി.
മുന്‍മുഖ്യമന്ത്രി സി. അച്ചുതമേനോന്‍ ശങ്കറിനെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. ''സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവെന്ന നിലയിലും എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയിലും ഈ രാജ്യത്തെ പൊതുജനാധിപത്യപ്രസ്ഥാനത്തിലും അവശജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തി ലും ശ്രീ.ശങ്കര്‍ നിസ്തൂലമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം വളരെയധികം സ്‌നേഹിതന്മാരെയും വളരെ ഉറ്റ മിത്രങ്ങളേയും സമ്പാദിച്ചിട്ടുണ്ട്. അതുപോലെതന്നെ ശത്രുക്കളെയും സൃഷ്ടിച്ചിട്ടുണ്ട്. എസ്.എന്‍,ഡി.പി. യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയിലായാലും വേണ്ടില്ല മുഖ്യമന്ത്രി എന്ന നിലയിലായാലും വേണ്ടില്ല എല്ലാ സ്ഥാനങ്ങളിലും അനിതരസാധാരണമായ വ്യക്തിപ്രഭാവവും ബുദ്ധിസാമര്‍ത്ഥ്യവും കാണിച്ചിട്ടുണ്ട്.''
സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്ക് വേണ്ടി ഒരുഡസനില്‍പ്പരം കോളേജുകള്‍ സ്ഥാപിച്ചുകൊണ്ട് കേരളത്തില്‍ ഒരു വിദ്യാഭ്യാസവിപ്ലവത്തിന് ശങ്കര്‍ തുടക്കംകുറിച്ചു. ശങ്കറിന്റെ കുലീനത്വവും ആകര്‍ഷകമായ പെരുമാറ്റവും ശാസ്ത്രഅവബോധവും സംഗീതപാടവവും ആശാന്‍ കവിതയോടുള്ള പ്രണയവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ആശാന്‍ കവിതകള്‍ ആലപിച്ചുകൊണ്ട് പൊതുരംഗത്ത് എത്തിയ ശങ്കര്‍, ആശാന്‍ കവിത ആലപിച്ചുകൊണ്ട് തന്നെ വിടവാങ്ങുകയും ചെയ്തു. ഒരു ഗ്രാമീണ ബാലന്‍ സ്വന്തം പ്രയ്തനം കൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായ കഥ കഠിനാദ്ധ്വാനത്തിന്റെ കൂടി കഥയാണ്. മന്നത്തുപത്മനാഭന്റെയും കൂട്ടരുടേയും ജാതിവാല് മുറിച്ചുകളഞ്ഞ വിപ്ലവകാരികൂടിയാണ് ശങ്കര്‍. ഹിന്ദുപ്രജാമണ്ഡലം ശങ്കറും മന്നവും ചേര്‍ന്ന് ഉണ്ടാക്കിയ ഹിന്ദുപ്രജാമണ്ഡലമാണ് കേരളത്തിലെ നായന്മാരുടെ ജാതിവാലുകള്‍ മുറിച്ച് കളഞ്ഞത്.
ആശാന്‍ കവിതയും ശങ്കറും
ആശാന്‍ മരിച്ചു കഴിഞ്ഞ് ഒരു ദശവര്‍ഷകാലം മലയാളസാഹിത്യരംഗം തമ്പുരാക്കന്‍മാര്‍ അടക്കിവാണിരുന്ന കാലത്ത് മഹാരാജാസ്സ് കോളേജില്‍ ഒരു സാഹിത്യസമ്മേളനം നടന്നു. സാഹിത്യസമ്മേളനത്തില്‍ ഉള്ളൂര്‍ ആശാനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ശങ്കര്‍ തനിക്ക് അല്പം സംസാരിക്കാനുണ്ടെന്ന് സദസ്സില്‍ എണീറ്റ് നിന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ അദ്ധ്യക്ഷന്‍ അഞ്ച് മിനിറ്റ് അനുവദിച്ചു. 16 വയസ്സ് പ്രായമുള്ള ഈ പയ്യന്‍ എന്ത് പ്രസംഗിക്കാന്‍ പോകുന്നുവെന്ന മട്ടില്‍ അദ്ധ്യക്ഷനും സദസ്സിയരും ശങ്കറിനെ നോക്കി. ആശാന്‍ കവിതകള്‍ ഉദ്ധരിച്ചുകൊണ്ട് ശങ്കര്‍ തന്റെ പ്രസംഗം ആരംഭിപ്പിച്ചു. സദസ്സ് എല്ലാം മറന്ന് ആ പ്രഭാഷണം ശ്രവിച്ചുകൊണ്ടിരുന്നു. അഞ്ച് മിനിറ്റ് അരമണിക്കൂര്‍ നീണ്ടു പ്രസംഗം അവസാനിച്ചപ്പോള്‍ സദസ്സിയര്‍ കരഘോഷത്തോടെ ശങ്കറിനെ എതിരേറ്റു. അങ്ങനെ 16-ാം വയസ്സില്‍ ഒരു സാഹിത്യപ്രസംഗകനായി അറിയപ്പെട്ടു. ആശാന്റെ പ്രതിമ തിരുവനന്തപുരം സര്‍വ്വകലാശാലയ്ക്ക് മുമ്പില്‍ സ്ഥാപിക്കുന്നതിനുവേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ആളുകൂടിയാണ് ശങ്കര്‍.
വിമേചനസമരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കിയ ശങ്കറിന്റെ ഷഷ്ട്യബ്ദപൂര്‍ത്തി സ്മാരകഗ്രന്ഥത്തില്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് സുഗതന്‍സാര്‍ എഴുതിയ ലേഖനത്തിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍. ''ശ്രീമാന്‍ ആര്‍.ശങ്കറിന്റെ ജീവിതത്തില്‍ ലോകസേവനം ഒരു സുന്ദരമായ കലാരൂപം ഉള്‍ക്കൊള്ളുന്നതാണ്. ഭൗതികജീവിതവുമായ ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ജീവിതഗതിയും വ്യാവസായിക വ്യാപാരമല്ലെങ്കിലും അദ്ദേഹം നയിക്കുന്ന സംഘടനകളെ നോക്കി ജീവിതാവശ്യത്തിന്റെ പേരില്‍ പ്രതികൂല വിമര്‍ശനം നടത്തി സുഖിക്കുന്നവരുണ്ടെന്ന് സൂക്ഷ്മ ദൃക്കുകള്‍ക്കറിയാം.'' തുടര്‍ന്ന് അദ്ദേഹം പറയുന്നത് ശ്രീ. ആര്‍ ശങ്കര്‍ ശ്രീനാരായണകോളേജ് സ്വാമികളുടെ പേരില്‍ കൊല്ലത്ത് സ്ഥാപിക്കുകയുണ്ടായി. രാജയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്ന് തുടങ്ങിയവയില്‍ മുഖ്യമായും ജ്ഞാനയോഗിയായിരുന്നു സ്വാമികളുടെ വിദ്യാഭ്യാസനയം കേരളസംസ്ഥാനത്ത് പ്രചരിപ്പിക്കുന്ന ഉത്തരവാദിത്വം ചുമതലബോധത്തോടു കൂടി ഏറ്റെടുത്ത് നടത്തിയ ആളാണ് ആര്‍. ശങ്കര്‍ എന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍മ്മപ്പെടുത്തി കൊള്ളുന്നു. ഇതില്‍ നിന്ന് ശങ്കറിന്റെ രാഷ്ട്രീയ ശത്രുക്കള്‍ പോലും അദ്ദേഹത്തെ എത്രമാത്രം ബഹുമാനിക്കുന്നുവെന്ന് മനസ്സിലാക്കാം. അദ്ദേഹം സ്ഥാപിച്ച ആതുരാശുശ്രൂഷാരംഗത്തും ശങ്കര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കൊല്ലത്ത് അദ്ദേഹം സ്ഥാപിച്ച ആശുപത്രി അതിന് ഉദാഹരണമാണ്. ആര്‍. ശങ്കറിന്റെ ജീവചരിത്രം എഴുതിയ എം.കെ. കുമാരന്റെ ഒരു അനുഭവവും കൂടി ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ വാക്കുകള്‍.
''തിരുവനന്തപുരത്ത് ആശാന്‍ പ്രതിമസ്ഥാപിക്കുന്നതിവേണ്ടിയുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നകാലമാണ്. ഒരു ദിവസം ഞാനും ആശാന്‍ പ്രതിമാകമ്മറ്റി സെക്രട്ടറി കെ.കെ. ഗോപാലനും എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു. കൊല്ലത്തുവന്നപ്പോള്‍ ശങ്കറിനെ ഒന്നു കണ്ടിട്ടു പോകാമെന്നു ഞങ്ങള്‍ വിചാരിച്ചു. ഞാന്‍ അതിനുമുമ്പു ശങ്കര്‍ മെമ്മോറിയല്‍ ആശുപത്രി കണ്ടിട്ടുണ്ടായിരുന്നില്ല. മഹനീയമായ ആ സ്ഥാപനം ഒന്നു കാണണമെന്നുള്ള ആഗ്രഹവും ഉണ്ടായിരുന്നു.''
ഞങ്ങള്‍ ആശുപത്രിയിലെത്തി ശങ്കര്‍ ഉണ്ടോ എന്നന്വേഷിച്ചു. ഉണ്ടെന്നറിഞ്ഞു. അദ്ദേഹത്തിന്റെ മുറിയില്‍ നോക്കിയപ്പോള്‍ അവിടെ ആളിനെ കണ്ടില്ല. ഇവിടെ എവിടെയോ കാണും എന്ന് ജോലിക്കാര്‍ പറഞ്ഞു. അദ്ദേഹത്തെ കാണുന്നതിന് മുമ്പ് ആശുപത്രി കാണാമെന്നു കരുതി ഞങ്ങള്‍ ചുറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ ശങ്കര്‍ കെട്ടിനകത്തുള്ള തളത്തില്‍ ഇരിക്കുന്നുണ്ടെന്നറിഞ്ഞു. ഞങ്ങളങ്ങോട്ടു ചെന്നു. അദ്ദേഹം ഞങ്ങളെ കണ്ടില്ല. അദ്ദേഹം ഒരു പ്രധാനപ്പെട്ട ജോലിയില്‍ മനസ്സ് മുഴുകി പരിസരം മറന്നിരിക്കുന്നതാണു ഞാന്‍ കണ്ടത്.
ജോലി എന്തായിരുന്നു എന്നോ? രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങള്‍ കഴുകി തുടച്ചു വൃത്തിയാക്കുക, ഉയരം കുറഞ്ഞ ഒരു സ്റ്റൂളില്‍ അദ്ദേഹം ഇരിക്കുന്നു. ഉടുപ്പ് ഇട്ടിട്ടില്ല, മുണ്ടും കയ്യില്ലാത്ത ഒരു ബനിയനും മാത്രം ധരിച്ചിട്ടുണ്ട്. തോളത്ത് ഒരു ടൗവ്വല്‍ ഇട്ടിട്ടുണ്ട്. പൈപ്പില്‍ നിന്നു വെള്ളം പിടിച്ച് പാത്രങ്ങളൊന്നൊന്നായി എടുത്ത് സോപ്പുതേച്ചു കഴുകി വൃത്തിയാക്കി ടൗവ്വല്‍ കൊണ്ടു തുടച്ചുവയ്ക്കുകയാണ്.
''മുഖ്യമന്ത്രിയുടെ ജോലി കൊള്ളാമല്ലോ!'' എന്റെ ഈ വാക്കുകള്‍ ആ സേവനനിരതനെ ധ്യാനത്തില്‍നിന്നും ഉണര്‍ത്തി. അദ്ദേഹം ചരിച്ചുകൊണ്ട് പറഞ്ഞു.''ഇതു ഞാന്‍ തന്നെ ചെയ്താലേ ശരിയാകൂ എന്നു തോന്നി. എന്താ തരക്കേടുണ്ടോ?'' കൈയിലിരുന്ന പാത്രം തുടച്ചുകൊണ്ടാണ് ഇത്രയും പറഞ്ഞത്. തുടര്‍ന്ന അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് എത്രവലിയ ഒരു മനുഷ്യന്റെ മുമ്പിലാണ് ഞാന്‍ ഇരിക്കുന്നതെന്ന് അപ്പോള്‍ എനിക്ക് കാണുവാന്‍ കഴിഞ്ഞു. യാതൊരു ജോലിയും നിഷിദ്ധമായി അദ്ദേഹം കരുതിയിരുന്നില്ല. ജോലിയോടും മനുഷ്യപ്രയ്തനത്തോടും അദ്ദേഹത്തിന് ഉണ്ടായിരുന്ന ആദരവും ആഭിമുഖ്യവും അസാധാരണം തന്നെയായിരുന്നു. ഒരു തോര്‍ത്ത് മുണ്ട് എടുത്ത് അടുക്കള പണിയില്‍ ഏര്‍പ്പെട്ട് നില്‍ക്കുന്ന ശങ്കറിനെ ഞാന്‍ കണ്ടിട്ടുണ്ട്. ചുരുക്കത്തില്‍ എം.കെ. കുമാരന്‍ പറയുന്നത് ശങ്കര്‍ ഒരു സകലകലാവല്ലഭനാണെന്നാണ്.
വീണപൂവും ശങ്കറും
ശങ്കറിന്റെ അവസാനദിവസം അതായത് 1972 നവംബര്‍ 6 എം.കെ. കുമാരന്റെ ജീവിതചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിരിക്കുന്നു. ''നവംബര്‍ 6. ശങ്കര്‍ അന്നും പതിവുപോലെ താന്‍ ലാളിച്ചു വളര്‍ത്തിയ സ്ഥാപനത്തില്‍ പോയി ചില ജോലികള്‍ ചെയ്തു തീര്‍ക്കുകയും രോഗികളുടെ കുശലങ്ങള്‍ അന്വേഷിക്കുകയും മറ്റും ചെയ്തതിനുശേഷം വീട്ടില്‍ മടങ്ങിയെത്തി. രാത്രി 8 മണിയോടുകൂടി ഭക്ഷണം കഴിച്ചു. പൊടിയരിക്കഞ്ഞിയായിരുന്നു ആഹാരം. മിക്കവാറും അതാണ് രാത്രി ഭക്ഷണം. ആഹാരം കഴിഞ്ഞ് ഭാര്യയുമൊത്ത് വീടിന്റെ മുകളിലത്തെ നിലയിലേക്കു പോയി. രാത്രികാലങ്ങളില്‍ എന്തെങ്കിലും വായിക്കുക അദ്ദേഹത്തിനു നിര്‍ബന്ധമാണ്. ഉറങ്ങുന്നതിനുമുമ്പ് വളരെ നേരമിരുന്ന് വായിക്കും.''
''സമയം കിട്ടുമ്പോള്‍ ആശാന്‍ കവിതകള്‍ ഭാര്യയെ വായിച്ചു കേള്‍പ്പിക്കുക പതിവായിരുന്നു. ഈ ദിവസത്തെ വായനക്കു തിരഞ്ഞെടുത്തത് ആശാന്റെ 'വീണപൂവ്' ആയിരുന്നു. പതിഞ്ഞസ്വരത്തിലും നല്ല ഈണത്തിലും അദ്ദേഹം വായിക്കുന്നത് ലക്ഷ്മിക്കുട്ടിയമ്മ കേട്ടുകൊണ്ടിരുന്നു. വീണപൂവു മുഴുവനും വായിച്ചുതീര്‍ന്നപ്പോള്‍ ലക്ഷ്മിക്കുട്ടിയമ്മ ഉറങ്ങാന്‍ പോയി.''
തുടര്‍ന്ന് 12 മണിയോട് അദ്ദേഹത്തിന് സുഖമില്ലാതെയായി. അര്‍ദ്ധരാത്രിയോടു കൂടി ശങ്കര്‍ എന്ന ബഹുമുഖപ്രതിഭ തന്റെ കര്‍മ്മം പൂര്‍ത്തിയാക്കി ഈ ലോകത്തോട് വിടപറഞ്ഞുവെങ്കിലും നാല് ദശാബ്ദ കാലത്തോളം വരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹിക സംസ്‌കാരികചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ആ അതികായന്‍ പുതുതലമുറയെ എക്കാലവും മുന്നോട്ട് നയിച്ചുകൊണ്ടിരിക്കും.