/kalakaumudi/media/post_banners/3f7bb722f12960665f1fbdb6e83aa4ac1461615242fc99bd5a82a3492e6aa428.jpg)
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണയും കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നല്‍കാതെ പ്രതിരോധ മന്ത്രാലയം. കേന്ദ്രം നല്‍കിയ വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ വിഷയങ്ങളില്‍ കേരളം സമര്‍പ്പിച്ച നിശ്ചല ദൃശ്യ മാതൃകകള്‍ പ്രതിരോധ മന്ത്രാലയം തള്ളി. ലൈഫ് മിഷന്‍ അടക്കമുളള പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള മാതൃകകളാണ് തള്ളിയത്.
വികസിത ഭാരതം, ജനാധിപത്യത്തിന്റ മാതാവ് എന്നീ രണ്ട് വിഷയങ്ങളില്‍ പത്ത് മാതൃകകളാണ് കേരളം നല്‍കിയിരുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് നല്‍കിയ മാതൃകകള്‍ കേന്ദ്രം പരിശോധിച്ചത്. നിര്‍ദേശിച്ച ഭേദഗതികള്‍ വരുത്തി അവസാന ഘട്ടത്തില്‍ നാല് മാതൃകകള്‍ കേരളം സമര്‍പ്പിച്ചു. വികസിത ഭാരതമെന്ന വിഷയത്തില്‍ ലൈഫ് മിഷന്‍ പദ്ധതി കേന്ദ്രീകരിച്ചുള്ള മാതൃക, കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടം പറഞ്ഞുള്ള മലയാളി ശാസ്ത്രജ്ഞ ടെസി തോമസിന്റെ പ്രതിമ അടങ്ങിയ മാതൃക, കേരള ടൂറിസം എന്നിവയായിരുന്നു സമര്‍പ്പിച്ചത്.
സ്വാതന്ത്ര്യസമരത്തില്‍ പോരാടിയ അക്കാമ്മ ചെറിയാന്റെ പ്രതിമ ഉള്‍പ്പെട്ട മാതൃക ജനാധിപത്യത്തിന്റെ മാതാവ് എന്ന വിഷയത്തിലും സമര്‍പ്പിച്ചു. എന്നാല്‍ ഇതെല്ലാം പ്രതിരോധമന്ത്രാലയം തള്ളി. റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഭാരത് പര്‍വില്‍ അവതരിപ്പിക്കാം എന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ കേരളം തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം അനുമതി ലഭിച്ചിരുന്നുവെങ്കിലും 2022ലും 2020ലും കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.