/kalakaumudi/media/post_banners/27b57833a9ac54f4211eba5818661ed7b354cc618c7f8469725d76a2d314b4c3.jpg)
ന്യൂഡല്‍ഹി; 75ാം റിപ്പബ്ലിക് ആഘോഷത്തിന് രാജ്യം തയാറായി. രാവിലെ 10.30 മുതല്‍ 12.10 വരെയുള്ള പരേഡ് കര്‍ത്തവ്യ പഥില്‍ അരങ്ങേറും. പരേഡ് നയിക്കുന്നവരില്‍ 80 ശതമാനനും സ്തീകള്‍. പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വിശിഷ്ടാതിഥിയാകും. പരേഡില്‍ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാന്‍സിന്റെ 2 റഫാല്‍ യുദ്ധവിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് വിമാനവും ഫ്‌ലൈപാസ്റ്റ് നടത്തും. മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവയും പരേഡില്‍ അണിനിരത്തും.
ഡല്‍ഹിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴില്‍ 100 വനിതകള്‍ ചേര്‍ന്നൊരുക്കുന്ന ശംഖുനാദത്തോടെയാണ് പരേഡ് ആരംഭിക്കുക.കരസേനാ മേജര്‍ സൗമ്യ ശുക്ല ദേശീയപതാക ഉയര്‍ത്തും. കര, നാവിക, വ്യോമ സേനകളില്‍ നിന്നുള്ള വനിതാ ഓഫിസര്‍മാരുടെ സംഘം ആദ്യമായി ഒന്നിച്ച് പരേഡില്‍ മാര്‍ച്ച് ചെയ്യും.
പുരുഷന്‍മാരും വനിതകളും ഉള്‍പ്പെട്ടതായിരിക്കും ബിഎസ്എഫ് സംഘം. ഡല്‍ഹി പൊലീസ് സംഘത്തെ മലയാളിയും നോര്‍ത്ത് ഡല്‍ഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതന്‍ നയിക്കും. സിആര്‍പിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയില്‍ നിന്നുള്ള വനിതാ സേനാംഗങ്ങള്‍ ബൈക്ക് അഭ്യാസപ്രകടനം നടത്തും. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്‌ലോട്ടുകളാണുള്ളത്. ശ്രീരാമനുമായി ബന്ധപ്പെട്ട ഫ്‌ലോട്ട് ആണ് യുപി അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവില്‍ നടക്കുന്ന വ്യോമസേനയുടെ ഫ്‌ലൈപാസ്റ്റില്‍ 51 വിമാനങ്ങള്‍ പങ്കെടുക്കും. വിമാന പൈലറ്റുമാരില്‍ 15 പേര്‍ വനിതകളാണ്.