/kalakaumudi/media/post_banners/135475a18199f72e510f2ef24cd52ad7ef768bb0280d027d3a9bb12f8b4f6e9b.jpg)
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. രാജിയുടെ കാരണം ഇതുവരെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല.അതേ സമയം പുതിയ നിയമനം സംബന്ധിച്ച് സർക്കാർ ആലോചന ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിലാണ് അരുൺ ഗോയലിന്റെ രാജിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയത്. രാജിക്കത്തിന്റെ പകർപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നല്കിയിരുന്നില്ലെന്ന് സൂചനയുണ്ട്.
കാരണം ഇതുവരെ വ്യക്തമാക്കാത്ത കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തുവന്നു. രാജിയുടെ കാരണം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. കൊൽക്കത്തയിലെ വിലയിരുത്തൽ യോഗത്തിൽ നിന്ന് അരുൺ ഗോയൽ എന്തിന് ഇറങ്ങി പോയെന്ന് മഹുവ മൊയിത്ര ചോദിച്ചു. തെരഞ്ഞെടുപ്പ് ഘട്ടങ്ങളുടെ എണ്ണത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശത്തോട് അരുൺ ഗോയൽ വിയോജിച്ചെന്നും മഹുവ കൂട്ടിച്ചേർത്തു.
അരുൺ ഗോയൽ രാജിവെച്ചതിൽ വിവാദം തുടരുകയാണ്. തകരാൻ പോകുന്ന ഭരണഘടന സ്ഥാപനങ്ങളിൽ അവസാനത്തതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ശേഷിക്കയാണ് 2027 വരെ കാലാവധിയുള്ള അരുൺ ഗോയൽ സ്ഥാനം രാജിവെച്ചത്.
ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ശേഷിക്കുന്ന അംഗം. ഏത് സാഹചര്യത്തിലാണ് അരുൺ ഗോയൽ രാജിവെച്ചതെന്ന് വ്യക്തമല്ല. നാളെ ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സന്ദർശനം നടത്താൻ ഇരിക്കെയാണ് രാജി.