/kalakaumudi/media/post_banners/a91905ba0b15afe0c046da88c4b71cea88a3fa006647f6d916be3ca19027ccc7.jpg)
കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരത്ത് ഇന്ന് ബി.ജെ.പി - ആര്‍.എസ്.എസ് ഉന്നത യോഗം. യോഗത്തില്‍ പങ്കെടുക്കാനായി ബി.ജെ.പി സംഘടന ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ഉള്‍പ്പെടെ സംഘടനയുടെ ഉന്നത നേതാക്കള്‍ തിരുവനന്തപുരത്ത് നടന്ന ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ന് നടക്കുന്ന യോഗത്തില്‍ ബി.എല്‍. സന്തോഷിന് പുറമെ ആര്‍.എസ്.എസ് സഹസര്‍ കാര്യവഹ് അരുണ്‍ കുമാര്‍, പ്രാന്ത പ്രചാരക് സുദര്‍ശന്‍, പ്രാന്ത കാര്യവഹ് പി.എന്‍. ഈശ്വരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി കെ.സുഭാഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ലോകസഭ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ആര്‍.എസ്.എസിന്റെ അഭിപ്രായം തേടും. മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിന്റെ പങ്കാളിത്തം സംബന്ധിച്ചും ചര്‍ച്ച നടക്കും. യോഗത്തില്‍ സഹ സര്‍കാര്യവാഹ് അരുണ്‍ കുമാര്‍ പങ്കെടുക്കുന്നത് യോഗത്തിന്റെ പ്രാധാന്യം സുചിപ്പിക്കുന്നു. സംഘപരിവാര്‍ സംഘടനകളില്‍ ദേശീയ തലത്തില്‍ ബി.ജെ.പിയുടെ ചുമതല നിര്‍വഹിക്കുന്ന പ്രഭാരിയാണ് അരുണ്‍ കുമാര്‍. ഇതിനിടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ബി.എല്‍. സന്തോഷ് പങ്കെടുക്കുന്നുണ്ട്. . സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരായി വലിയ സമരങ്ങള്‍ക്കും യോഗം രൂപം നല്‍കും. ബി.ജെ.പി സംസ്ഥാന കമ്മിറ്റി കാര്യാലയത്തിന്റെ നിര്‍മ്മാണ പുരോഗതി ബി.എല്‍ സന്തോഷ് വിലയിരുത്തും.
സംഘടന പ്രവര്‍ത്തനം സജീവമാക്കി എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനുള്ള രൂപരേഖ തയാറാക്കുമെന്ന് ഒരു പ്രമുഖ ബി.ജെ.പി നേതാവ് കലാകൗമുദിയോട് പറഞ്ഞു. ആര്‍.എസ്.എസിന്‍ നിന്നും ഇതിനായുള്ള നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. ദേശീയ തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന ആര്‍.എസ്.എസ് - ബി.ജെ.പി ടീമിന്റെ പ്രവര്‍ത്തന രീതി സംബന്ധിച്ച് സഹസര്‍കാര്യവഹ് യോഗത്തില്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.