/kalakaumudi/media/post_banners/8b1f59478a5a7d902249809021e8f29c6a826ca6ae0095a9e5ef680fcffe917a.jpg)
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ മൃതദേഹം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് അമ്മ ല്യൂഡ്‌മില നവാൽനയ ഫയൽ ചെയ്ത കേസ് മാർച്ച് 4-ന് പരിഗണിക്കും.ജയിലില്‍വച്ച് മരണപ്പെട്ട തന്റെ മകന്റെ മൃതദേഹം വിട്ടുനൽകാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെതിരെയാണ് ല്യൂഡ്‌മില നവാൽനയ റഷ്യൻ കോടതിയെ സമീപിച്ചത്. കേസിൽ വാദം കേൾക്കൽ മാർച്ച് നാലിന് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് കോടതി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
പുടിന്റെ വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്സി നവാല്‍നി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ മരിച്ചത്. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നി നടന്നുകഴിഞ്ഞ് എത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതര്‍ നല്‍കിയ വിശദീകരണം.
മരിച്ച് അഞ്ചുദിവസങ്ങൾ പിന്നിട്ടിട്ടും റഷ്യൻ ഭരണകൂടം മൃതദേഹം വിട്ടുനൽകാത്തതിനെതിരെ ശനിയാഴ്ച മുതലാണ് അലക്‌സിയുടെ അമ്മ രംഗത്തെത്തിയത്. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മാതാവിനെ ജയിലിലെ പ്രധാന കവാടത്തില്‍ റഷ്യന്‍ പ്രിസണ്‍സ് ഉദ്യോഗസ്ഥര്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. മകന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും റഷ്യന്‍ ഉദ്യോഗസ്ഥര്‍ ല്യുഡ്മിലിയയെ അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്ന് നവാല്‍നിയുടെ അനുയായികള്‍ ജയിലിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
വിവിധ പരിശോധനകൾ നടത്തുന്നതിനാൽ രണ്ടാഴ്ചത്തേക്ക് മൃതദേഹം തിരികെ നൽകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ മാനുഷിക പരിഗണനകളോടെ മകന്റെ മൃതദേഹം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന് ല്യൂഡ്‌മില റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോട് അഭ്യർഥിച്ചിരുന്നു.
അതെസമയം തൻ്റെ ഭർത്താവിനെ കൊലപ്പെടുത്താൻ ഉത്തരവിട്ടത് വ്‌ളാദിമിർ പുടിനാണെന്ന് നവാൽനിയുടെ ഭാര്യ യൂലിയ നവാൽനയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകം മറച്ചുവെക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ മൃതദേഹം സൂക്ഷിക്കുന്നതെന്നാണ് യൂലിയയുടെ ആരോപണം.