/kalakaumudi/media/post_banners/cbf5a9d037eea3061f485d5532517cabe3879d581aa525608d3c1a160601a533.jpg)
പത്തനംതിട്ട: മകരവിളക്ക് മഹോത്സവകാലത്തെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാനായി പമ്പ മുതല്‍ സന്നിധാനം വരെ ഒരുങ്ങി. ആഴിയും പതിനെട്ടാം പടിയും നെയ്‌ത്തോണിയും അഗ്‌നിരക്ഷാസേനയും വിശുദ്ധി സേനയും കഴുകി വൃത്തിയാക്കി. സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ ദേവസ്വം ബോര്‍ഡിന്റെ ഔഷധ കുടിവെള്ള വിതരണവുമുണ്ട്. ക്യൂ കോംപ്ലക്‌സുകളിലും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഡിസംബര്‍ 30 ന് വൈകുന്നേരം ശബരിമല നട തുറക്കുമ്പോള്‍ പമ്പ മുതല്‍ സന്നിധാനം വരെ അയ്യപ്പന്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ക്യൂ കോംപ്ലക്‌സിലും നടപ്പന്തലിലും ഫാനുകളും ഔഷധ കുടിവെള്ളവും സജ്ജമാക്കി. കൂടുതല്‍ ട്യൂബ് ലൈറ്റുകളും വലിയ നടപ്പന്തലില്‍ കൂറ്റന്‍ ലീഫുകളോട് കൂടിയ ഏഴ് ഹൈവോളിയം സീലിംഗ് ഫാനുകളും സജ്ജമാക്കി. ചെറിയ നടപ്പന്തല്‍ മുതല്‍ ശരംകുത്തി വരെ അമ്പതിലധികം വാള്‍ ഫാനുകളും ക്യൂ കോംപ്ലക്‌സുകളില്‍ മുപ്പതിലധികം ഹെവി ഡ്യൂട്ടി ഫാനുകളും സ്ഥാപിച്ചു.
മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടത്തും. ജനുവരി 15-നാണ് മകരവിളക്ക്. അന്നു വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും.
പതിവു പൂജകള്‍ക്കു ശേഷം വൈകുന്നേരം 5 നാണ് അന്ന് നടതുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15, 16, 17, 18, 19 തിയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19 വരെ മാത്രമേ തീര്‍ഥാടകര്‍ക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.
19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് രാവിലെ പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം നട അടക്കും.