/kalakaumudi/media/post_banners/cf75974d94646e3508982e92a0845bf6f553165a6f5cb162fd48d4c73960042e.jpg)
പ്രസാദ് മൂക്കന്നൂര്‍
പത്തനംതിട്ട: എണ്‍പത്തിയാറാം വയസ്സിലും അയ്യപ്പന്റെ തിരുവാഭരണം ശിരസിലേറ്റാന്‍ തയ്യാറായി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള. ഇരുപതാം വയസു മുതല്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി നാടും കാടും കാല്‍നടയായി താണ്ടുകയാണ് ഇദ്ദേഹം .ഇത്തവണയും മകരവിളക്കിന് ശബരിമലയില്‍ ചാര്‍ത്തുന്നതിന് ജനുവരി 13ന് പന്തളത്ത് നിന്നും കൊണ്ടു പോകുന്ന തിരുവാഭരണങ്ങള്‍ അടങ്ങിയ പെട്ടി ശിരസിലേന്തുന്നത് ഇദ്ദേഹമാണ്.
വ്രതശുദ്ധിയുടെ കണിശതയും അയ്യപ്പ സ്വാമിയുടെ അനുഗ്രഹവുമാണ് ജീവിത സായന്തനത്തിലും നാലുപറ നെല്ലിന്റെ ഭാരംവരുന്ന തിരുവാഭരണപ്പെട്ടി ശിരസിലേന്താന്‍ തനിക്ക് കരുത്തുതരുന്നതെന്ന് ഗംഗാധരന്‍ പിള്ള സാക്ഷ്യപ്പെടുത്തുന്നു.
ഈ വിശ്വാസത്തിന്റെ കണ്ണിയാകാന്‍ യൗവനത്തില്‍ തന്നെ സാധിച്ചയാളാണ് ഗംഗാധരന്‍ പിള്ള. അച്ഛന്‍ നാരായണപിള്ളക്കൊപ്പം ആദ്യമായി ഘോഷയാത്രയെ അനുഗമിക്കുന്നത് ഇന്നലെത്തേതുപൊലെ ഇദ്ദേഹം ഓര്‍മ്മിക്കുന്നു.
കാനനപാതയില്‍ ശരണമന്ത്രങ്ങള്‍ മാത്രം തുണയായ കാലം. ഓര്‍മകളുടെ പടികള്‍ക്കപ്പുറം പഴയ ശബരിമല ഇന്നും തെളിയുന്നുണ്ട്. ആദ്യ ദിനം അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹയിലെ വനംവകുപ്പ് സത്രത്തിലും വിശ്രമിച്ചശേഷം മൂന്നാം നാള്‍ ശബരിമല സന്നിധാനത്ത് എത്തിച്ചേരും.
കാലത്തിന്റെ കയറ്റിറക്കങ്ങള്‍ നിരവധി ഉണ്ടായിട്ടും തിരുവാഭരണഘോഷയാത്രാ രീതികള്‍ക്ക് ഇന്നും മാറ്റമില്ല. വൃശ്ചികം ഒന്ന് മുതല്‍ വ്രതം നോല്‍ക്കുന്ന പതിവ് തെറ്റിച്ചിട്ടില്ലെന്ന് ഗംഗാധരന്‍ പിള്ള പറയുന്നു.
26 പേരാണ് ഇപ്പോഴത്തെ സംഘത്തില്‍ ഉള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
