ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യം; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

ഭക്ത ലക്ഷങ്ങളുടെ ശരണം വിളികളെ സാക്ഷിയാക്കി പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 6.46 ഓടെയാണ് സന്നിധാനത്തെയും പരിസരത്തെയും ശരണ സമുദ്രമാക്കി മകരവിളക്ക് തെളിഞ്ഞത്. മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്ന ഭക്തര്‍ക്കത് പ്രാര്‍ത്ഥനാ സാക്ഷാത്കാരത്തിന്റെ നിമിഷമായി മാറി.

author-image
Web Desk
New Update
ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യം; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

ശബരിമല: ഭക്ത ലക്ഷങ്ങളുടെ ശരണം വിളികളെ സാക്ഷിയാക്കി പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 6.46 ഓടെയാണ് സന്നിധാനത്തെയും പരിസരത്തെയും ശരണ സമുദ്രമാക്കി മകരവിളക്ക് തെളിഞ്ഞത്. മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്ന ഭക്തര്‍ക്കത് പ്രാര്‍ത്ഥനാ സാക്ഷാത്കാരത്തിന്റെ നിമിഷമായി മാറി.

പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ നിന്ന് എത്തിയ തിരുവാഭരണ ഘോഷയാത്ര സംഘത്തിന് വൈകിട്ട് ആറുമണിയോടെ ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വരവേല്‍പ്പ് നല്‍കി സന്നിധാനത്തേക്ക് ആനയിച്ചു.

പതിനെട്ടാം പടിക്കു മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, എംഎല്‍എമാരായ കെ.യു ജെനീഷ് കുമാര്‍, പ്രമോദ് നാരായണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മറ്റ് ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണ പെട്ടി സ്വീകരിച്ചു.

തുടര്‍ന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ആചാരപൂര്‍വ്വം ആനയിച്ചു. ശ്രീകോവിലില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി പി.എന്‍ മോഹനന്‍ നമ്പൂതിരിയും ചേര്‍ന്ന് സ്വീകരിച്ച് തിരുവാഭരണം അയ്യപ്പന് ചാര്‍ത്തി.

തുടര്‍ന്ന് മഹാ ദീപാരാധന കഴിഞ്ഞ ഉടന്‍ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് മൂന്നുപ്രാവശ്യം തെളിയുകയായിരുന്നു. മകരവിളക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ സന്നിധാനവും പരിസരവും ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും മറ്റു വ്യൂ പോയിന്റുകളിലും പതിനായിരക്കണക്കിന് ഭക്തരാണ് ദിവസങ്ങളായി തമ്പടിച്ചിരുന്നത്.

മകരജ്യോതി ദര്‍ശന ശേഷം അയ്യപ്പഭക്തര്‍ക്ക് സുഗമമായി മയലിറങ്ങുന്നതിന് നാല് എക്സിറ്റ് റൂട്ടുകള്‍ ക്രമീകരിച്ചിരുന്നു. മകരവിളക്ക് പ്രമാണിച്ച് 800 കെ.എസ്.ആര്‍.ടി.സി ബസ്സുകളാണ് പ്രത്യേകമായി ക്രമീകരിച്ചിരുന്നത്.

പിഴവില്ലാത്ത ഏകോപനം; ദര്‍ശന പുണ്യം നേടി ലക്ഷങ്ങള്‍

മകരവിളക്കില്‍ ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് വലിയ ഒരുക്കങ്ങളാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും നടത്തിയിരുന്നത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് മകരവിളക്കുമായി ബന്ധപ്പെട്ട് സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഒരുക്കിയിരുന്നത്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡല മകരവിളക്ക് കാലം സമാപിക്കവേ, ഏകോപനത്തിലൂടെ സുരക്ഷയും ശുചിത്വവും ഇടവേളകളില്ലാത്ത ഭക്തപ്രവാഹവും ഉറപ്പാക്കാന്‍ കഴിഞ്ഞു.

ദേവസ്വം ബോര്‍ഡ്, പോലീസ്, ദുരന്തനിവാരണം, വനംവകുപ്പ്, ആരോഗ്യം കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി കെഎസ്ആര്‍ടിസി, എക്‌സൈസ് ഉള്‍പ്പെടെ സേവനരംഗത്ത് ഉണ്ടായിരുന്ന എല്ലാ വകുപ്പുകളും സുഗമമായ തീര്‍ത്ഥാടനത്തിന് അക്ഷീണം പ്രയത്‌നിച്ചു.

ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗങ്ങള്‍ നിര്‍ണായകമായി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും വിവിധ മന്ത്രിമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടര്‍മാരും അവലോകന യോഗങ്ങള്‍ നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.

ഭക്തര്‍ക്കായി സൗജന്യ ഭക്ഷണ വിതരണം

ഈ വര്‍ഷം മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി കാത്ത് നിന്നവരുടെ വിശപ്പകറ്റാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പ്രത്യേക കരുതലാണ് നല്‍കിയത്. മകരജ്യോതി ദ4ശനത്തിന് എത്തിയ ഭക്തര്‍ക്ക് സൗജന്യമായി ഭക്ഷണ വിതരണം നടത്തി.

മകരവിളക്ക് ദിവസവും തലേന്നും മൂന്ന് നേരവും ഭക്ഷണം ക്രമീകരിച്ചിരുന്നു. ഒന്നരലക്ഷത്തിലധികം ഭക്തര്‍ക്കാണ് ഇത്തരത്തില്‍ ഭക്ഷണം നല്‍കിയത്. മണ്ഡലകാലം ആരംഭിച്ചതുമുതലേ അന്നദാന വിതരണം നടക്കുന്നുണ്ടായിരുന്നു. അന്നദാനത്തിനു പുറമേയാണ് സൗജന്യ ഭക്ഷണ വിതരണവും നടത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സൗകര്യം മകരവിളക്കിന്റെ ഭാഗമായി ഒരുക്കിയത്. ഇതിന് പുറമെ ലഘുഭക്ഷണവും ചുക്കുവെള്ളവും ക്രമീകരിച്ചിരുന്നു.

Sabarimala kerala police temple