മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഒരുങ്ങി സന്നിധാനം; വെള്ളിയാഴ്ച മുതല്‍ ഭക്തര്‍ എത്തി തുടങ്ങും

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഒരുങ്ങി സന്നിധാനം. വെള്ളിയാഴ്ച മുതല്‍ അയ്യപ്പന്റെ സന്നിധിയിലേക്ക് ഭക്തര്‍ എത്തിതുടങ്ങും.

author-image
Web Desk
New Update
മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഒരുങ്ങി സന്നിധാനം; വെള്ളിയാഴ്ച മുതല്‍ ഭക്തര്‍ എത്തി തുടങ്ങും

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഒരുങ്ങി സന്നിധാനം. വെള്ളിയാഴ്ച മുതല്‍ അയ്യപ്പന്റെ സന്നിധിയിലേക്ക് ഭക്തര്‍ എത്തിതുടങ്ങും. തീര്‍ത്ഥാടനത്തിനായി വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. ആദ്യം സന്നിധാനത്തും പിന്നീട് മാളികപ്പുറത്തുമായാണ് ചടങ്ങുകള്‍ നടക്കുന്നത്.

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ കെ ജയരാമന്‍ നമ്പൂതിരി സന്നിധാനത്തും മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറത്തും നട തുറന്ന് ദീപം തെളിയിക്കും. വൃശ്ചികം ഒന്നായ വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തിമാരായ ശബരിമല മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി പി ജി മുരളി നമ്പൂതിരി എന്നിവര്‍ നട തുറക്കുന്നതോടെ മണ്ഡലകാല പൂജകള്‍ക്ക തുടക്കമാവും.

തീര്‍ത്ഥാടകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.

വെര്‍ച്ച്വല്‍ ബുക്കിങ് വഴിയാണ് ഇത്തവണയും തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്കായി 13 വെര്‍ച്വല്‍ ക്യൂ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളും സജ്ജമാണ്. നിലയ്ക്കലില്‍ മാത്രം 10 കൗണ്ടറുകളാണ് ഉള്ളത്. പന്തളത്ത് ഇന്‍ഫര്‍മേഷന്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും അഞ്ച് വീതം വെര്‍ച്വല്‍ ക്യൂ ബുക്കിങ് കൗണ്ടറുകളും ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷന്‍, ഏറ്റുമാനൂര്‍, വണ്ടിപ്പെരിയാര്‍ സത്രം, കൊട്ടാരക്കര എന്നിവിടങ്ങളിലും കൗണ്ടറുകള്‍ സജ്ജമാണ്. ശബരിപീഠത്തില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ക്ക് വേണ്ട ആശുപത്രി സേവനങ്ങളും ഒരുക്കിയിരിക്കുന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, നിലയ്ക്കല്‍, പന്തളം വലിയകോയിക്കല്‍ താത്കാലിക ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, വടശേരിക്കര, റാന്നി പെരുനാട്, ഇലവുങ്കല്‍, പന്തളം ഇടത്താവളം എന്നിവിടങ്ങളില്‍ ആംബുലന്‍സ് സര്‍വീസും ഉണ്ടായിരിക്കും. റാന്നി പെരുനാട്, ഗവ.മെഡിക്കല്‍ കോളേജ് കോന്നി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ശബരിമല വാര്‍ഡും ആരംഭിച്ചിട്ടുണ്ട്.

പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളില്‍ കാര്‍ഡിയോളജി , പള്‍മണോളജി ഡോക്ടര്‍മാരും പമ്പ മുതല്‍ സന്നിധാനം വരെ 19 അടിയന്തര മെഡിക്കല്‍ കേന്ദ്രങ്ങളും ഉണ്ട്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഹൃദയാഘാതം തിരിച്ചറിയാനുള്ള പരിശോധനകളും നടത്തും. എരുമേലിയില്‍ നിന്നുള്ള കാനന പാതയില്‍ മൂന്ന് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും കരിമലയില്‍ ഡിസ്‌പെന്‍സറിയും ഉണ്ടായിരിക്കുന്നതാണ്. അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും മിനി ബസുകളും ലഭ്യമാണ്. മലകയറ്റത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ശുശ്രൂഷ ലഭിക്കുന്നതാണ്.

 

പമ്പയിലേക്ക് 14 സ്‌പെഷ്യല്‍ കെ എസ് ആര്‍ ടി സി സര്‍വീസ് സെന്ററുകളാണ് ഉള്ളത്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പമ്പ, പുനലൂര്‍, അടൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് സെന്ററുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പ്രധാന ഡിപ്പോകളില്‍ നിന്നും ആവശ്യമനുസരിച്ച് സര്‍വീസുകള്‍ ഉണ്ടായിരിക്കും. 40ല്‍ കൂടുതല്‍ ആളുകള്‍ ഗ്രൂപ്പായി ബുക്ക് ചെയ്താല്‍ ഏത് സ്ഥലത്തു നിന്നും സര്‍വീസുകള്‍ ലഭിക്കുന്നതാണ്.

140 ലോ ഫ്‌ളോര്‍നോണ്‍ എ.സി, 60 വോള്‍ വോ ലോ ഫ്‌ളോര്‍ എസി, 15 ഡീലക്‌സ്, 245 സൂപ്പര്‍ഫാസ്റ്റ്, 10 സൂപ്പര്‍ എക്‌സ്പ്രസ്, മൂന്ന് ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 473 ബസുകളാണ് ഡിസംബര്‍ അഞ്ചുവരെ യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ആറു മുതല്‍ 140 നോണ്‍ എസി ലോ ഫ്‌ളോര്‍, 60 വോള്‍വോ എസി ലോ ഫ്‌ളോര്‍, 285 ഫാസ്റ്റ് പാസഞ്ചര്‍ സൂപ്പര്‍ ഫാസ്റ്റ്, 10 സൂപ്പര്‍ എക്‌സ്പ്രസ്, 15 ഡിലക്‌സ്, മൂന്ന് ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 513 ബസുകളും ഉണ്ടായിരിക്കും. പമ്പ- നിലയ്ക്കല്‍ സര്‍വീസിന് 140 ലോ ഫ്‌ളോര്‍ നോണ്‍ എസി, 60 എസി എന്നിങ്ങനെ 200 ബസുകളാണ് ഉള്ളത്.

നിലയ്ക്കലില്‍ ടോള്‍ പിരിവിനായി ഫാസ്ടാഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 17 ഗ്രൗണ്ടുകളിലായി 7000 വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യാന്‍ സാധിക്കും. എന്നാല്‍ ,സ്വകാര്യ വാഹനങ്ങള്‍ ഭക്തരെ പമ്പയില്‍ ഇറക്കി തിരികെ എത്തണം. ഡ്രൈവറും മല കയറുന്നുണ്ടെങ്കില്‍ വാഹനം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത് കെ എസ് ആര്‍ ടി സി ബസില്‍ പമ്പയിലേക്ക് പോകാവുന്നതാണ്. ഔദ്യോഗിക വാഹനങ്ങളും മാധ്യമങ്ങളുടെ വാഹനങ്ങളും പമ്പയില്‍ പാര്‍ക്ക് ചെയ്യാം. എന്നാല്‍ ഓട്ടോറിക്ഷകളുടെ പ്രവേശനം വിലക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ അഞ്ച് നടപ്പന്തലുകളിലായി 4500 തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 11 മണി വരെയുമാണ് ദര്‍ശന സമയം.

3.30 ന് ഗണപതി ഹോമം
ഏഴ് വരെ നെയ്യഭിഷേകം
7.30 മുതല്‍ ഉഷഃപൂജ
8.30 മുതല്‍ 11 വരെ നെയ്യഭിഷേകം
11 മുതല്‍ 11.30 വരെ അഷ്ടാഭിഷേകം
12.30 ന് ഉച്ചപൂജ
വൈകിട്ട് 6.30 ന് ദീപാരാധന,
7 മുതല്‍ 9.30 വരെ പുഷ്പാഭിഷേകം
9.30 ന് അത്താഴപൂജ
11 ന് ഹരിവരാസനം

എന്നിങ്ങനെയാണ് പൂജകള്‍.

 

Sabarimala Latest News kerala news