
ബംഗളൂരു: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടെങ്കിലും സംസ്ഥാന നേതാക്കളെ കേന്ദ്ര നേതാക്കള്‍ വിശ്വാസത്തില്‍ എടുക്കണമെന്നും സംസ്ഥാനത്തിലെ പാര്‍ട്ടിയിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തനിക്ക് ആരില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടില്ല എന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് സദാനന്ദ ഗൗഡയോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നുവെന്ന് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗവും മുതിര്‍ന്ന നേതാവുമായ ബി എസ് യെദിയൂരപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സീറ്റ് കിട്ടില്ലെന്ന് പാര്‍ട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് ഗൗഡ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതെന്നും യെദിയൂരപ്പ വ്യക്തമാക്കി. എന്നാല്‍ ഇതിനിടെ ബംഗളൂരു നോര്‍ത്ത് എം പി കൂടിയായ സദാനന്ദ ഗൗഡ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളുമുണ്ട്.