/kalakaumudi/media/post_banners/d8a1d050008eec23010aaef120f21638865cc96222e8c86c77bc6d020e7821cc.jpg)
ഡൽഹി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് സിആർപിസി സെക്ഷൻ 125 പ്രകാരം ഭർത്താവിനോട് ജീവനാംശം ചോദിക്കാനാകുമോയെന്ന് പരിശോധിക്കാൻ സുപ്രീം കോടതി. തെലങ്കാന സ്വദേശി മുഹമ്മദ് അബ്ദുൾ സമദ് നൽകിയ അപ്പീൽ ഹർജിയിൽ, ക്രിമിനൽ നടപടിച്ചട്ടത്തിൻ്റെ (CrPC) സെക്ഷൻ 125 പ്രകാരം വിവാഹമോചിതരായ മുസ്ലീം സ്ത്രീകളുടെ ജീവനാംശ അവകാശങ്ങൾ സംബന്ധിച്ച ചോദ്യമാണ് ഒരിക്കൽ കൂടി സുപ്രീംകോടതി പരിഗണിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 9ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് മുതിർന്ന അഭിഭാഷകനായ ഗൗരവ് അഗർവാളിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.ഗൗരവ് അഗർവാളിന്റെ വീക്ഷണം നൽകിയ ശേഷമായിരിക്കും കോടതി വിഷയം പരിഗണിക്കുക.
ഭർത്താവിൽനിന്ന് ജീവനാംശം ക്ലെയിം ചെയ്യാൻ വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ഷാ ബാനോ കേസിലെ വിധിപ്രകാരം അർഹതയുണ്ടോ അതോ 1986-ലെ മുസ്ലീം സ്ത്രീ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമമാണോ നിലനിൽക്കുക എന്നാണ് കോടതി പരിശോധിക്കുന്നത്.
തൻ്റെ മുൻ ഭാര്യക്ക് പ്രതിമാസം 20,000 രൂപ ജീവനാംശം നൽകണമെന്ന തെലങ്കാനയിലെ കുടുംബ കോടതിയുടെ ഉത്തരവിനെതിരെ മുഹമ്മദ് അബ്ദുൾ സമദ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.തെലങ്കാനയിലെ കുടുംബ കോടതി വിധിക്കെതിരെ അബ്ദുൽ സമദ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജീവനാംശം നൽകേണ്ട തുക 10,000 ആക്കി കുറയ്ക്കുക മാത്രമാണ് ചെയ്തത്.
ഇതിനെതിരെയാണ് സമദ് നിലവിൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഷാ ബാനോ കേസിലെ സുപ്രീംകോടതി വിധിയുടെ അന്തസത്തയെ റദ്ദാക്കിക്കൊണ്ട് രാജീവ് ഗാന്ധി സർക്കാർ പാസാക്കിയ 1986ലെ മുസ്ലീം സ്ത്രീ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമം, സിആർപിസിയുടെ 125-ാം വകുപ്പിന്റെ വ്യവസ്ഥകളെ മറികടക്കുന്നതാണെന്നാണ് സമദിന്റെ വാദം.ഇതാണ് ഷാ ബാനോ കേസ് പുനഃപരിശോധിക്കുന്നതിലേയ്ക്ക് സുപ്രീംകോടതിയെ നയിച്ചത്.
2024 ഫെബ്രുവരി 19-ന് കൂടുതൽ വാദം കേൾക്കാൻ നിശ്ചയിച്ചിരിക്കുന്ന ഈ കേസ് മുസ്ലീം വ്യക്തിനിയമങ്ങളിലും ലിംഗസമത്വത്തെയും കുറിച്ചുള്ള ചർച്ചകളിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.