
കൊച്ചി: നിയമസഹായം തേടിയെത്തിയ 26 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി.മനുവിനെ പുറത്താക്കി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി.
ഇയാളില്‍ നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പി ജി മനു. 2018-ലെ ഒരു കേസില്‍ നിയമസഹായത്തിനായാണ് യുവതി ഹൈക്കോടതിയിലെ സീനിയര്‍ പ്ലീഡറായ പി ജി മനുവിനെ സമീപിച്ചത്.
കേസിന്റെ വിവരശേഖരണത്തിനും വക്കാലത്ത് ഒപ്പിടീപ്പിക്കുന്നതിനുമായി കടവന്ത്രയിലുള്ള ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും അവിടെയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്നുമാണ് പരാതി.
ഒക്ടോബര്‍ ഒന്‍പതാം തീയതിയാണ് യുവതിക്ക് നേരേ ആദ്യം അതിക്രമമമുണ്ടാകുന്നത്. യുവതിയുടെ വീട്ടില്‍ ചെന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ചെന്നും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ചോറ്റാനിക്കര പോലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. പരാതിക്കാരിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി. യുവതിയുടെ വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.