
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണറെത്തും മുന്നേ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗസ്റ്റ് ഹൗസിന് മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിച്ചു. പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസ് ശ്രമിച്ചതോടെ, പൊലീസും എസ് എഫ് ഐ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
എസ് എഫ് ഐയെ വെല്ലുവിളിച്ചാണ് ഗവര്‍ണ്ണര്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. വൈകിട്ട് 6.20ന് എത്തുന്ന ഗവര്‍ണ്ണറെ കരിങ്കൊടി കാണിക്കാനാണ് എസ് എഫ് ഐ നീക്കം. ഗവര്‍ണ്ണര്‍ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നില്‍ ഗോബാക്ക് മുദ്രാവാക്യവുമായി കറുത്ത ബാനറുയര്‍ത്തി വലിയ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുളളത്. ആരെയും ഭയമില്ലെന്നും എസ് എഫ്‌ഐക്കാരെ ഗുണ്ടകളെന്നു വിശേഷിപ്പിച്ചുമാണ് കോഴിക്കോട്ടെക്ക് തിരിക്കും മുമ്പ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
വൈകിട്ട് ആറരയോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന ഗവര്‍ണ്ണര്‍ 7 മണിയോടെ താമസിക്കുന്ന സര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ എത്തും. വഴിയിലും സര്‍വ്വകലാശാലയിലും പ്രതിഷേധിക്കാനാണ് എസ് എഫഐ തീരുമാനം. പൊലീസ് ബന്തവസ്സിനിടെയിലും സര്‍വ്വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ് എഫ്‌ഐ കറുത്ത ബാനറുയര്‍ത്തി. 'സംഘി ഗവര്‍ണ്ണര്‍ തിരിച്ച് പോവുക'എന്നതടക്കം മുന്ന് വലിയ ബാനറുകളാണ് ഉയര്‍ത്തിയത്.
തിങ്കളാഴ്ച ക്യാമ്പസില്‍ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പികുന്ന ശ്രീനാരായണ ഗുരു സെമിനാറാണ് ഗവര്‍ണ്ണറുടെ സര്‍വ്വകലാശാലയിലെ പ്രധാന പരിപാടി. എസ്എഫ്‌ഐയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗവര്‍ണ്ണര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് താമസിക്കാന്‍ ഒരുങ്ങുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ കനത്ത പോലിസ് സുരക്ഷ ഗവര്‍ണ്ണര്‍ക്ക് ഒരുക്കുന്നുണ്ട്.