മഹാരാജാസ് തുറന്നു; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്‌ഐ

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍കാലികമായി അടച്ചിട്ടിരുന്ന എറണാകുളം മഹാരാജാസ് കോളേജ് ബുധനാഴ്ച തുറന്നു.

author-image
anu
New Update
മഹാരാജാസ് തുറന്നു; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്‌ഐ

 
കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍കാലികമായി അടച്ചിട്ടിരുന്ന എറണാകുളം മഹാരാജാസ് കോളേജ് ബുധനാഴ്ച തുറന്നു. കോളേജ് അധികൃതരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് കോളേജ് തുറക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുള്‍ നാസറിനെ വെട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ സമരം തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോളജില്‍ സംഘര്‍ഷം ആരംഭിച്ചത്.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയുമായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുള്‍ നാസറിന് കോളജില്‍ വച്ച് വെട്ടേല്‍ക്കുകയായിരുന്നു. ഇതിനു പിന്നില്‍ കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. എസ്എഫ്‌ഐക്കാര്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെഎസ്‌യുവും രംഗത്തെത്തി.

ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇരു വിഭാഗങ്ങളും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

kerala news Latest News