/kalakaumudi/media/post_banners/fd451f010ecc33e7b989e6c9f0370f692a4d5180a5a1b3a4eae8f5dd28763dee.jpg)
കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഷബ്‌ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു.
ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഷബ്‌നയെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഷബ്‌ന തന്നെ ഫോണില്‍ എടുത്ത വീഡിയോയാണിത്.
ഭര്‍തൃവീട്ടുകാര്‍ ഡിവോഴ്‌സിനെക്കുറിച്ച് വരെ സംസാരിക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ, ഷബ്‌നയെ അടിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് ഷബ്‌ന ആത്മഹത്യ ചെയ്തത്.
വീഡിയോയില്‍ ഷബ്‌നയെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഹനീഫ സംസാരിക്കുന്നത്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
അതേസമയം, ഷബ്‌നയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഷബ്‌നയുടെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെ ഉടന്‍ പൊലീസ് ചോദ്യം ചെയ്യും.
ഷബ്‌ന മരിക്കുന്ന ദിവസം ഇവരെല്ലാം വീട്ടിലുണ്ടായിരുന്നു. ഷബ്‌നയെ മര്‍ദിച്ച ഹനീഫയെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്‌ന ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്.