'സ്ത്രീധനം കൂടുതല്‍ ചോദിച്ചത് പിതാവ്; പണമാണ് വലുതെന്ന് റുവൈസ് ഷഹനയോട് പറഞ്ഞിരുന്നു'

By priya.07 12 2023

imran-azhar

 

തിരുവനന്തപുരം: തിരുവനന്തപുരത്തെ പിജി ഡോക്ടറായ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹനയുടെ കുടുംബാംഗങ്ങള്‍ രംഗത്ത്.


റുവൈസ് ആണ് സ്ത്രീധനത്തിന് വേണ്ടി സമ്മര്‍ദം ചെലുത്തിയതെന്ന്  ഷഹനയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. കഴിയുന്നത്ര നല്‍കാമെന്ന് സമ്മതിച്ചു. എന്നിട്ടും റുവൈസ് വഴങ്ങിയില്ല.

 

സ്ത്രീധനം കൂടുതല്‍ ചോദിച്ചത് പിതാവാണെന്നും അദ്ദേഹത്തെ ധിക്കരിക്കാന്‍ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം നാസ് പറഞ്ഞു. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹനയോട് പറഞ്ഞത്.

 

ഷഹനക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കില്‍ രജിസ്റ്റര്‍ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും അയാള്‍ തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു.

 

അതേസമയം, ഷഹനയുടെ ആത്മഹത്യയില്‍ കസ്റ്റഡിയിലെടുത്ത ഡോ. റുവൈസിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി.

 

റുവൈസിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോണ്‍ പൊലീസ് വിശദമായി പരിശോധിച്ചു.ഫോണ്‍ പരിശോധിച്ചെങ്കിലും ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു.

 

ഈ സാഹചര്യത്തിലാണ് റുവൈസിന്റെ ഫോണിലെ വാട്‌സ് ആപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ളവയില്‍ വിശദമായ പരിശോധനക്കായി ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

 

OTHER SECTIONS