ഷൊർണൂരിൽ ഒരു വയസുള്ള കുഞ്ഞിന്റെ മരണം;'മോളു മരിച്ചു,ഞാൻ കൊന്നു', മാതാവ് ആൺസുഹൃത്തിനയച്ച സന്ദേശം പുറത്ത്

മോളു മരിച്ചു, ഞാൻ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോൾ. ഇതായിരുന്നു ശിൽപ ആയച്ച മെസേജ്.

author-image
Greeshma Rakesh
New Update
ഷൊർണൂരിൽ ഒരു വയസുള്ള കുഞ്ഞിന്റെ മരണം;'മോളു മരിച്ചു,ഞാൻ കൊന്നു', മാതാവ് ആൺസുഹൃത്തിനയച്ച സന്ദേശം പുറത്ത്

ഷൊർണൂർ: ഷൊർണുരിൽ ഒരു വയസുകാരിയായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമ്മയാണെന്ന് തെളിയിക്കുന്ന നി‍ർണായക ഫോൺ സന്ദേശം പുറത്ത്. കുഞ്ഞിനെ കൊന്നെന്ന് അമ്മ ശിൽപ ആൺ സുഹൃത്തിന് അയച്ച സന്ദേശമാണ് പൊലീസ് കണ്ടെത്തിയത്.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആൺ സുഹൃത്തിന് അയച്ച ഫോൺ സന്ദേശമാണ് കേസിൽ നിർണായകമായത്.

മോളു മരിച്ചു, ഞാൻ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോൾ. ഇതായിരുന്നു ശിൽപ ആയച്ച മെസേജ്. ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടിൽ വച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തിയിരുന്നു.

ജോലിക്ക് പോകുന്നതിന് കുട്ടി തടസമായതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് ശിൽപയുടെ മൊഴി. കൊലപാതകത്തിന് ശേഷം വാടകയ്ക്കെടുത്ത കാറിൽ മൃതദേഹവുമായി ആൺസുഹൃത്തിനെ തേടി ഷൊർണൂരിലെത്തുകയായിരുന്നു.

kerala murder shornur death case child death case Crime