പണം നല്‍കിയില്ല, കൊല്ലത്ത് കിടപ്പുരോഗിയായ അച്ഛനെ മകന്‍ തീകൊളുത്തി കൊന്നു

By Web Desk.29 11 2023

imran-azhar

 

 


കൊല്ലം: കിടപ്പുരോഗിയായ പിതാവിനെ മകന്‍ പെട്രോള്‍ ഒഴിച്ചുതീകൊളുത്തി കൊലപ്പെടുത്തി. പരവൂര്‍ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ പി.ശ്രീനിവാസനെയാണ് (85) സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ശ്രീനിവാസന്റെ രണ്ടാമത്തെ മകന്‍ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ ഓട്ടോഡ്രൈവറായ എസ്.അനില്‍കുമാറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു.

 

അമ്മയുടെ മുന്നില്‍ വച്ചാണ് മകന്‍ അച്ഛനെ കൊലപ്പെടുത്തിയത്. അനില്‍കുമാറിനെ പരവൂര്‍ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വാര്‍ധക്യസഹജമായ അസുഖങ്ങളും കിഡ്‌നി രോഗവും മൂലം വര്‍ഷങ്ങളായി ശ്രീനിവാസന്‍ കിടപ്പിലാണ്. മകന് വിദേശത്ത് പഠിക്കുവാനുള്ള തുകയും പുതിയതായി വാങ്ങിയ ഓട്ടോയ്ക്ക് നല്‍കാന്‍ 1 ലക്ഷം രൂപയും ആവശ്യപ്പെട്ട് അനില്‍ കുമാര്‍ അച്ഛനോട് വഴക്കിട്ടു.

 

വഴക്കിനിടയില്‍ പ്രകോപിതനായ അനില്‍കുമാര്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ശ്രീനിവാസന്റെ ദേഹത്തേക്ക് ഒഴിച്ചുതീകൊളുത്തുകയായിരുന്നു. ഈ സമയം അനില്‍കുമാറിന്റെ അമ്മയും ശ്രീനിവാസനെ പരിചരിക്കാന്‍ എത്തിയ ഹോം നഴ്‌സും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഹോം നഴ്‌സ് സംഭവം കണ്ടു നിലവിളിച്ചതോടെ അനില്‍കുമാര്‍ പുറത്തേക്ക് ഓടി. സംഭവമറിഞ്ഞ് അയല്‍ക്കാര്‍ പരവൂര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു.

 

അയല്‍ക്കാര്‍ വെള്ളം ഒഴിച്ചു തീകെടുത്താന്‍ ശ്രമിച്ചെങ്കിലും കിടക്കയ്ക്ക് തീപിടിച്ചതിനാല്‍ ഗുരുതരമായി പൊള്ളലേറ്റു ശ്രീനിവാസന്‍ മരിച്ചു.

 

 

 

 

 

 

OTHER SECTIONS